കൊയിലാണ്ടി ഹാര്‍ബറില്‍ തെരുവ് പട്ടികള്‍ ചത്ത് വീഴുന്നു; രണ്ടാഴ്ചയ്ക്കിടെ ചത്തത് മൂന്ന് പട്ടികള്‍


കൊയിലാണ്ടി: കൊയിലാണ്ടി ഹാര്‍ബറില്‍ തെരുവുപട്ടികള്‍ ചത്തുവീഴുന്നതായി മത്സ്യത്തൊഴിലാളികള്‍. രണ്ടാഴ്ചയ്ക്കിടെ മൂന്ന് പട്ടികളാണ് ചത്തത്. ഏറ്റവും ഒടുവില്‍ ഇന്ന് ഉച്ചയോടെയാണ് പട്ടി ചത്തത്.

പട്ടികള്‍ക്ക് ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുകയും പിന്നീട് ഒരുഭാഗം തളര്‍ന്ന് വീഴുകയും ചത്തൊടുങ്ങുകയുമാണെന്ന് മത്സ്യത്തൊഴിലാളികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. രണ്ടുമൂന്ന് ദിവസം മുമ്പ് മറ്റൊരുപട്ടിയും സമാനമായ രീതിയില്‍ ചത്തിരുന്നു. ഇതിന് അസ്വസ്ഥതകള്‍ കണ്ടതോടെ മത്സ്യത്തൊഴിലാളികള്‍ വടകര മൃഗാശുപത്രിയിലെത്തിരിക്കുകയും ചികിത്സ നല്‍കുകയും ചെയ്തിരുന്നു. മരുന്നുകള്‍ കൃത്യമായി നല്‍കിയെങ്കിലും രണ്ടുദിവസത്തിനകം അതും മരണപ്പെടുകയായിരുന്നു.

പട്ടികള്‍ക്കിടയിലുള്ള ഒരുതരം സാംക്രമിക രോഗമാണിതെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരോട് അന്വേഷിച്ചപ്പോള്‍ അറിഞ്ഞതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. വലിയ തോതില്‍ വ്യാപിക്കാന്‍ സാധ്യതയുള്ള രോഗമാണിതെന്നും എന്തെങ്കിലും ചെയ്തില്ലെങ്കില്‍ പട്ടികള്‍ കൂട്ടത്തോടെ ചത്തുതീരുമെന്ന ആശങ്കയും ഇവര്‍ പങ്കുവെക്കുന്നു.