കൊയിലാണ്ടിയില്‍ തെരുവുനായകള്‍ വിലസുന്നു; കാക്രാട്ടുകുന്നിലും അറുവയലിലും രണ്ട് ദിവസങ്ങളിലായി പരിക്കേറ്റത് അഞ്ചോളം പേര്‍ക്ക്‌


കൊയിലാണ്ടി: നഗരസഭയിലെ വിവിധ പ്രദേശങ്ങളില്‍ തെരുവുനായയുടെ ആക്രമണം. അഞ്ചോളം പേര്‍ക്ക് കടിയേറ്റു. കാക്രാട്ടുകുന്നില്‍ ഇന്നും ഇന്നലെയുമായി ഉണ്ടായ അക്രമണത്തില്‍ രണ്ട് പേര്‍ക്കാണ് പരിക്കേറ്റത്. വെങ്ങളത്ത്കണ്ടി രവീന്ദ്രന്‍ (70), ചെമ്പില്‍വയല്‍ അര്‍ജുന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

വീട്ടിലേക്ക് വരുന്നതിനിടെ ഇന്നലെ രാത്രി എഴ് മണിയോടെയാണ് രവീന്ദ്രന് കാലിന് കടിയേറ്റത്. വെങ്ങത്ത്കണ്ടി ക്ഷേത്രത്തിന് സമീപം അമൃതാനന്ദ സ്‌ക്കൂളിന് സമീപത്ത് വെച്ചായിരുന്നു അക്രമണം. ഉടന്‍ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ഹോമിയോ ആശുപത്രി സമീപത്ത് വച്ച് ഇന്ന് രാവിലെയാണ് അര്‍ജുന് കാലിന് കടിയേറ്റത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി.

പ്രദേശത്ത് കുറേ മാസങ്ങളായി തെരുവ്‌നായക്കളുടെ ശല്യമുണ്ടെന്നാണ് വാര്‍ഡ് കൗണ്‍സിലര്‍ രാജേഷ് വെങ്ങളത്ത്കണ്ടി പറയുന്നത്. ഒഴിഞ്ഞ വീടുകളും പറമ്പുകളാണ് ഇവരുടെ ഇടം. രാത്രിയും പകലുമില്ലാതെ 25ഓളെ നായക്കള്‍ പൊതുനിരത്തില്‍ കൂട്ടത്തോടെ വരുന്നതും മറ്റും ആളുകള്‍ക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നതെന്നും, തെരുവുനായ ശല്യത്തില്‍ പരിഹാരം തേടി നിരവധി തവണ നഗരസഭയെ സമീപിച്ചതായും കൗണ്‍സില്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

അറുവയലില്‍ പന്ത്രണ്ട് വയസുകാരനടക്കം മൂന്ന് പേര്‍ക്ക് നേരെയാണ് തെരുവുനായ അക്രമണം ഉണ്ടായത്‌. പെരുവട്ടൂർ കാഞ്ഞിരക്കണ്ടി രമേശൻ(52), മേനോക്കി വീട്ടിൽ ഹരിനന്ദ് (12) സുനില്‍കുമാര്‍ തയ്യുള്ളതില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്‌. വീട്ടില്‍ നിന്നും പുറത്തേക്ക് ഇറങ്ങിയതിന് പിന്നാലെ തെരുവുനായ വന്ന് ഹരിനന്ദിന്റെ കാലിന് കടിക്കുകയായിരുന്നു. അക്രമണത്തിന് പിന്നാലെ ഹരിനന്ദ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി.

ഓട്ടോഡ്രൈവറായ രമേശന്‍ ഇന്ന് രാവിലെയോടെ യാത്രക്കാരെ ഇറക്കി അവരെ കാത്തുനില്‍ക്കുന്നതിനിടെയാണ് അക്രമണം ഉണ്ടായത്. കാലിന് പരിക്കേറ്റ ഇയാളും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. ഇന്നലെ വീടിന് സമീപത്ത് വച്ചാണ് സുനില്‍കുമാറിന് നേരെ അക്രമണമുണ്ടായത്. കാലിന് പരിക്കേറ്റ ഇയാള്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ നിന്നും ചികിത്സ തേടി.

Description: Stray dog ​​attacks in various areas in koyillandy