കൊയിലാണ്ടിയില്‍ തെരുവുനായ ആക്രമണം; വിദ്യാര്‍ഥിനിയ്ക്കും ആശാവര്‍ക്കർക്കും കടിയേറ്റു


കൊയിലാണ്ടി: തെരുവുനായയുടെ ആക്രമണത്തില്‍ ആശാവര്‍ക്കര്‍ക്കും വിദ്യാര്‍ഥിനിയ്ക്കും പരിക്ക്. പെരുവട്ടൂരിലെ ആശാ വര്‍ക്കറായ നമ്പ്രത്ത് കുറ്റി പുഷ്പയെയും താഴെക്കണ്ടി നേഹയെയുമാണ് നായ ആക്രമിച്ചത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം.

ഫീല്‍ഡ് വര്‍ക്ക് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ പതിനെട്ടാം വാര്‍ഡില്‍വെച്ചാണ് അപ്രതീക്ഷിതമായി നായയുടെ ആക്രമണമുണ്ടായതെന്ന് പുഷ്പ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പിറകില്‍ നിന്ന് ഓടിയെത്തിയാണ് ആക്രമിച്ചത്. കാലിന്റെ പിന്‍ഭാഗത്ത് കടിയേറ്റപ്പോഴാണ് നായ പിന്നിലുണ്ടെന്ന് അറിഞ്ഞത്. കയ്യിലുണ്ടായിരുന്ന കുട ഉപയോഗിച്ച് പലവട്ടം വീശിയപ്പോഴാണ് നായ അവിടെ നിന്നും പോയതെന്നും അവര്‍ പറഞ്ഞു. നിലവിളികേട്ട് എത്തിയ സമീപവാസികളാണ് ആശുപത്രിയിലേക്ക് എത്തിച്ചത്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടിയ പുഷ്പ ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

പുഷ്പയെ ആക്രമിച്ച അതേ നായതന്നെയാണ് വിദ്യാര്‍ഥിനിയെയും കടിച്ചത്. നേഹ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.