മലബാര്‍ എക്സ്പ്രസ് ട്രെയിനിലെ കോച്ചിനുള്ളില്‍ അജ്ഞാതന്‍ തൂങ്ങിമരിച്ച നിലയില്‍
കൊല്ലം: മലബാര്‍ എക്സ്പ്രസ് ട്രെയിനിന്റെ കോച്ചിനുള്ളില്‍ അജ്ഞാതനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ട്രെയിനിന്റെ ശുചിമുറിയിലാണ് ഒരു പുരുഷനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലം-കായംകുളം സ്റ്റേഷനുകള്‍ക്കിടയില്‍ വച്ചാണ് സംഭവം. ട്രെയിനിലെ അംഗപരിമിതരുടെ ബോഗിയിലെ ശുചിമുറിയിലാണു മൃതദേഹം കണ്ടെത്തിയത്. 50-60 വയസ്സുതോന്നിക്കുന്നയാളാണു മരിച്ചത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
യാത്രയ്ക്കിടെ ശുചിമുറിയില്‍ ഒരാള്‍ തൂങ്ങിനില്ക്കുന്നത് യാത്രക്കാര്‍ കാണുകയായിരുന്നു. തുടര്‍ന്ന് റെയില്‍വേ പോലീസിനെ വിവരമറിയിച്ചു. മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലേക്കു മാറ്റി. ഒന്നര മണിക്കൂറോളം കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ പിടിച്ചിട്ട ശേഷമാണ് മലബാര്‍ എക്സ്പ്രസ് യാത്ര തുടര്‍ന്നത്.
ട്രെയിന്‍ കായംകുളത്തെത്തിയപ്പോള്‍ മരിച്ചയാള്‍ അംഗപരിമിതരുടെ ബോഗിയില്‍ കയറുന്നതായി ഗാര്‍ഡ് കണ്ടെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉദ്യോഗസ്ഥര്‍ ഇറക്കിവിട്ടെങ്കിലും ഇയാള്‍ വീണ്ടും കയറി. കൊല്ലത്തെത്തിയപ്പോള്‍ ശുചിമുറി തുറക്കാതിരുന്നതോടെയാണു തള്ളിത്തുറന്നത്. ഉടുത്തിരുന്ന ലുങ്കിയിലാണ് തൂങ്ങിമരിച്ചത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്പ്ലൈന് നമ്പരുകള്‍ – 1056, 0471- 2552056)
[bot2]