മലബാറിന്റെ പോരാട്ടത്തില്‍ ചേമഞ്ചേരിയുടെ കഥകളും ഉണ്ട്, സ്വാതന്ത്ര്യ ചരിത്രത്തിലെ നാള്‍വഴികള്‍ അറിയാം
സുഹാനി.എസ്.കുമാര്‍
മലബാറിന്റെ പോരാട്ടത്തില്‍ ചേമഞ്ചേരിയുടെ വീര കഥകളുമുണ്ട് ഇന്നും അതിന്റെ അവശേഷിപ്പുകള്‍ ഇവിടെ ശേഷിക്കുന്നു.
1942 ഓഗസ്റ്റ് 8 ബോംബെയില്‍ ചേര്‍ന്ന എ.ഐ.സി.സി സമ്മേളനത്തിലാണ് ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കുന്നത്. തുടര്‍ന്ന് അന്നത്തെ മുന്‍നിര നേതാക്കളായ ഗാന്ധിജിയടക്കമുള്ളവരെ പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നു. ഇതായിരുന്നു വന്‍ പ്രതിഷേധത്തിന് വഴിവെച്ചത്. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുക എന്ന മുദ്രാവാക്യം ജനം ഏറ്റെടുത്തു. അഹിംസാ മാര്‍ഗ്ഗത്തിലൂടെ പോരാടുക എന്നതായിരുന്നു പോരാളികളുടെ ലക്ഷ്യം.
എന്നാല്‍ ബ്രിട്ടീഷ് സേന ഇന്ത്യ വിടണമെങ്കില്‍ അക്രമാസക്തമാകണം എന്നു വിശ്വസിച്ച ഒരു കൂട്ടം യുവാക്കളും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഇവരാണ് ചേമഞ്ചേരിയില്‍ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. അതില്‍ മുന്‍പന്തിയില്‍ നിന്നത് ബോംബെയില്‍ നിന്ന് നാട്ടില്‍ എത്തിയ ഡോ.കെ.ബി. മേനോനും കുറുത്തിശാലയില്‍ കോട്ട് മാധവന്‍ നായരും ആയിരുന്നു.
ആഗസ്റ്റ് 19 ന് മലബാറിലെ ബ്രിട്ടീഷ് ഭരണകൂടത്തെ ഞെട്ടിച്ച് ചേമഞ്ചേരിയിലെ ജനം പ്രതിഷേധത്തിനിറങ്ങി. നേരം ഇരുട്ടി വെളുക്കുമ്പോഴേക്കും തിരുവങ്ങൂര്‍ അംശ കച്ചേരി, തിരുവങ്ങൂര്‍ ട്രെയിന്‍ ഹാള്‍ട്, ചേമഞ്ചേരി സബ് രജിസ്റ്റ്ര്‍ ഓഫീസ് എന്നിവ പ്രതിഷേധക്കാര്‍ ചുട്ടുകരിച്ചു.
കയ്യില്‍ കിട്ടിയതെല്ലാം ആയുധമാക്കി ജനം ബ്രിട്ടീഷ് സേനയ്ക്ക് നേരെ പൊരുതി. തുടര്‍ന്ന് പ്രക്ഷോഭ കാര്‍ക്ക് എതിരെ ബ്രിട്ടീഷ് സൈന്യത്തിന്റെ അധികാരത്തിന്റെ കൈക്കരുത്ത് കാണിച്ചു. അടിച്ചമര്‍ത്തുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രം.
ഇതേ സമയത്ത് തന്നെയാണ് കീഴരിയൂര്‍ ബോംബ് സ്‌ഫോടനത്തിന്റെ പ്രശ്‌നങ്ങള്‍ ഉയരുന്നതും. രാജ്യത്തിന്റെ സ്വാതന്ത്രത്തിനായി മലബാറിന്റെ വിവിധ ഇടങ്ങളില്‍ ജനം വന്‍ പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു.
കെ.വി. മാധവന്‍ കിടാവ്, കരോളി അപ്പുനായര്‍, കരോളി ഉണ്ണിനായര്‍, നാരായണന്‍ നായര്‍, നങ്ങര്‍ കണ്ടി ചന്തു, മേലേടത്ത് അപ്പു നായര്‍ തുടങ്ങിയവര്‍ക്ക് ബ്രിട്ടീഷ് പോലീസിന്റെ കൊടിയ ക്രൂരതക്ക് ഇരയാവേണ്ടി വന്നിട്ടുണ്ട്.
മലബാറിന്റെ സ്വതന്ത്രചരിത്രത്തിലെ എന്നും തിളങ്ങുന്ന ഏടുകളാണ് കീഴരിയൂര്‍ ബോംബ് കേസും ചേമഞ്ചേരി രജിസ്റ്റര്‍ ഓഫീസ് കത്തിച്ച സംഭവങ്ങളും. രാജ്യത്തിന്റെ സ്വാതന്ത്രത്തിനായി കൊടിയ പീഡനങ്ങളും ത്യാഗങ്ങളും സഹിച്ചവര്‍ നമ്മുടെ നാട്ടിലും ഉണ്ടായിരുന്നു. ധീര രക്തസാക്ഷികള്‍….
summary: stories of chemancheri in history of independence