സംസ്ഥാന കലോത്സവം: ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ സ്വര്‍ണക്കപ്പില്‍ മുത്തമിട്ട് കണ്ണൂര്‍



കോഴിക്കോട്:
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അവസാന ദിവസം ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ സ്വര്‍ണ്ണക്കപ്പില്‍ മുത്തമിട്ട് കണ്ണൂര്‍ ജില്ല. 952 പോയിന്റുകളാണ് കണ്ണൂര്‍ ജില്ലയ്ക്ക്. 949 പോയിന്റുകള്‍ നേടിയ കോഴിക്കോട് രണ്ടാം സ്ഥാനത്താണ്.

ഇന്ന് രാവിലെ കോഴിക്കോട് ജില്ലയായിരുന്നു മുന്നിലുണ്ടായിരുന്നത്. എന്നാല്‍ ഉച്ചയോടെ കണ്ണൂര്‍ തിരിച്ചുവരികയും കിരീടനേട്ടംവരെ മുന്നേറ്റം കാഴ്ചവെക്കുകയുമായിരുന്നു.

സ്‌കൂളുകളില്‍ പാലക്കാട് ജില്ലയിലെ ആലത്തൂര്‍ ഗുരുകുലം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 239 പോയിന്റുമായി ഒന്നാമത് നില്‍ക്കുന്നത്. രണ്ടാം സ്ഥാനം തിരുവനന്തപുരം ജില്ലയിലെ വഴുതക്കാട് കാര്‍മല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിനാണ്. 116 പോയിന്റാണ് ഈ സ്‌കൂളിനുള്ളത്. കോഴിക്കോട് ജില്ലയിലെ സില്‍വര്‍ ഹില്‍സ് എച്ച്.എസ്.എസ് 88 പോയിന്റുമായി ആറാം സ്ഥാനത്താണ്.

കൊയിലാണ്ടി ഉപജില്ലയിലെ സ്‌കൂളുകളില്‍ തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറിയാണ് മുന്നില്‍. 50 പോയിന്റുമായി സ്‌കൂളുകളില്‍ 23ാം സ്ഥാനത്താണ് തിരുവങ്ങൂര്‍. ജി.എച്ച്.എസ്.എസ് പന്തലായനിയ്ക്ക് 38 പോയിന്റുകളാണ് ഇതുവരെ ലഭിച്ചത്. ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയ്ക്ക് 20 പോയിന്റുമാണ്.

ആറ് പതിറ്റാണ്ടിനിടെ ഇത് നാലാം തവണയാണ് കൊല്ലത്തിന് ആതിഥേയരാകാന്‍ അവസരം ലഭിക്കുന്നത്. ഒന്നരപതിറ്റാണ്ടിന് ശേഷമാണ് സംസ്ഥാന കലോത്സവത്തിന് കൊല്ലം വേദിയാകുന്നത്. 24 വേദികളാണ് കൊല്ലം നഗരത്തില്‍ സജ്ജീകരിച്ചത്. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി 239 ഇനങ്ങളില്‍ 14,000 പ്രതിഭകളാണ് മാറ്റുരച്ചത്.