അശ്രദ്ധമായ ആന്റിബയോട്ടിക് ഉപയോഗത്തിന് പൂട്ടിട്ട് സംസ്ഥാനസര്‍ക്കാരിന്റെ ‘ഓപ്പറേഷന്‍ അമൃത്’; ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ ഫാര്‍മസികള്‍ ആന്റിബയോട്ടിക്കുകള്‍ വില്‍ക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നടപടി
തിരുവനന്തപുരം: അശ്രദ്ധമായ ആന്റിബയോട്ടിക് ഉപയോഗത്തിന് തടയിടാന്‍ കര്‍ശന നിയനത്രണങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. ഇതിനായി ഓപ്പറേഷന്‍ അമൃത് (AMRITH- Antimicrobial Resistance Intervention For Total Health) എന്നപേരില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം പൊതുജനപങ്കാളിത്തത്തോടെ ഉടന്‍ തന്നെ സംസ്ഥാനത്തുടനീളം പരിശോധനകള്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ ഫാര്‍മസികളില്‍ ആന്റിബയോട്ടിക്കുകള്‍ വില്‍ക്കുന്നത് കണ്ടാല്‍ പൊതുജനങ്ങള്‍ക്ക് ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗത്തിന് വിവരം കൈമാറാവുന്നതാണ്. ഈ രഹസ്യ ഓപ്പറേഷനില്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ നിയോഗിക്കുന്ന പ്രത്യേക സ്‌ക്വാഡും പങ്കെടുക്കും.
‘ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകള്‍ വില്‍ക്കുന്നതല്ല’ എന്ന് സ്ഥാപനത്തില്‍ പ്രത്യേകം എഴുതി വെക്കുന്നതിനൊപ്പം ആന്റിബയോട്ടിക്കുകള്‍ വില്‍ക്കുന്നതിന്റെ കണക്വികുവരങ്ങളും ഫാര്‍മസികള്‍ കൃത്യമായി സൂക്ഷിക്കണം.ഇത് ലംഘിക്കുന്ന ഫാര്‍മസികള്‍ക്കും മെഡിക്കല്‍ സ്റ്റോറുകള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
2024ഓടെ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമല്ലാത്ത ആന്റിബയോട്ടിക് ഉപയോഗം പൂര്‍ണമായും നിര്‍ത്തലാക്കാനുള്ള തീവ്ര ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. സ്ഥിരമായും അനാവശ്യമായും ആന്റിബയോട്ടിക്കുകള്‍ കഴിച്ചാല്‍ ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാന്‍ സാധ്യതയുള്ള രോഗാണുക്കള്‍ കൊണ്ടുള്ള അണുബാധയ്ക്ക് ഇടയായേക്കാം. ഇത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് വഴിവെക്കും.
ഏത് തരം മുരുന്നുകളെയും പ്രതിരോധിക്കാന്‍ കെല്‍പ്പുള്ള സൂപ്പർബഗ്ഗുകളെന്നാണ് ആന്റി-മൈക്രോബയൽ റെസിസ്റ്റൻസ് (AMR) അറിയപ്പെടുന്നത്. മനുഷ്യരാശി നേരിടുന്ന ഏറ്റവും മികച്ച പത്ത് പൊതുജനാരോഗ്യ പ്രശ്നങ്ങളിൽ ഒന്നായാണ് എഎംആർ. ആന്റി-മൈക്രോബയൽ റെസിസ്റ്റൻസിനെ ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിക്കുന്നത്. ലോകാരോഗ്യ സംഘടന എ.എം.ആറിനെ ഇതിനോടകം തന്നെ വിശേഷിപ്പിച്ചത് നിശബ്ദ മഹാമാരി എന്നാണ്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ 2050നകം ലോകത്ത് ഒരു കോടിയോളം ആളുകള്‍ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് കൊണ്ട് മരണമടയുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
[mid5]