കൊയിലാണ്ടിയില്‍ സാംസ്‌കാരിക നിലയം നിര്‍മ്മിക്കുന്നതിനായി നഗരസഭയ്ക്ക് സ്വന്തംഭൂമി സൗജന്യമായി നല്‍കി; സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇന്ദിര ടീച്ചര്‍ക്ക് അഭിനന്ദനപ്രവാഹം


കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയില്‍ സാംസ്‌കാരിക നിലയം സ്ഥാപിക്കുകയെന്നത് ഏറെക്കാലമായി ഉയരുന്ന ആവശ്യമായിരുന്നു. സാംസ്‌കാരിക നിലയം പണിയാന്‍ നഗരസഭ പത്തുലക്ഷം രൂപ അനുവദിച്ചെങ്കിലും സ്ഥലം കണ്ടെത്താനാവാത്തതിനെ തുടര്‍ന്ന് അത് വിനിയോഗിക്കാനാവാതെ പോകുകയായിരുന്നു.

ഇപ്പോഴിതാ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇന്ദിര ടീച്ചര്‍ സ്ഥലം സൗജന്യമായി നല്‍കിയിരിക്കുകയാണ്. സ്ഥലം ലഭിക്കുന്നതോടെ അടുത്തവര്‍ഷത്തെ ബഡ്ജറ്റില്‍ സാംസ്‌കാരിക നിലയം നിര്‍മ്മിക്കാനുള്ള ഫണ്ട് നഗരസഭ അനുവദിച്ചാല്‍ മതിയാകും.

മുത്താമ്പി അണേല റോഡില്‍ കളത്തിങ്കല്‍ത്താഴെ അഞ്ച് സെന്റ് ഭൂമിയാണ് ഇന്ദിര ടീച്ചര്‍ വിട്ടുനല്‍കിയത്. തന്റെ വാര്‍ഡില്‍ വാര്‍ഡ് സഭ കൂടാന്‍ സൗകര്യമുള്ള സ്ഥലങ്ങളോ പൊതുസ്ഥാപനങ്ങളോ ഇല്ലെന്നും ഇക്കാരണംകൊണ്ടാണ് ഭൂമി അനുവദിച്ചതെന്നും ഇന്ദിര ടീച്ചര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. നഗരസഭയുടെ ആസൂത്രണ സമിതി അംഗമായൊക്കെ പ്രവര്‍ത്തിച്ച ഭര്‍ത്താവ് ടി.കെ.ദാമോദരന്‍ മാസ്റ്ററുടെ ഓര്‍മ്മയ്ക്കായി ഒരു സ്ഥാപനം പണിയണമെന്നത് വലിയ ആഗ്രഹമായിരുന്നു. സാംസ്‌കാരിക നിലയം അദ്ദേഹത്തിന്റെ പേരില്‍ അറിയപ്പെടാനാണ് ആഗ്രഹിക്കുന്നതെന്നും ഇന്ദിര ടീച്ചര്‍ വ്യക്തമാക്കി.