കുറ്റ്യാടി-പേരാമ്പ്ര റോഡില്‍ ഒരു വര്‍ഷം മുമ്പ് തുടങ്ങി മുടങ്ങിപ്പോയ സംസ്ഥാന പാത നവീകരണ പ്രവൃത്തി പുനരാരംഭിച്ചില്ല: ഈ മാസം പണി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പ്രക്ഷോഭമാരംഭിക്കുമെന്ന് യൂത്ത് ലീഗ്


പേരാമ്പ്ര: കുറ്റ്യാടി – കോഴിക്കോട് സംസ്ഥാന പാതയില്‍ മുടങ്ങിപ്പോയ നവീകരണ പ്രവൃത്തി പുനരാരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്. പാലേരി മുതല്‍ പേരാമ്പ്ര കല്ലോട് വരെയും കൈതക്കല്‍ മുതല്‍ നടുവണ്ണൂര്‍ വരെയും റോഡിന്റെ ഉപരിതല നവീകരണ പ്രവൃത്തി 2024 ഏപ്രില്‍ മാസത്തില്‍ തുടക്കം കുറിച്ച് പിന്നീട് മഴ വന്നതിനെ തുടര്‍ന്ന് പ്രവൃത്തി നിലച്ചു പോവുകയായിരുന്നു. പ്രവൃത്തി നടത്തുന്നതിനായി ഈ ഭാഗങ്ങളിലെ ഹമ്പുകള്‍ നീക്കം ചെയ്യുകയും അവിടെ ഗര്‍ത്തങ്ങള്‍ രൂപപ്പെടുകയും ചെയ്തിരുന്നു.

പ്രവൃത്തി നടക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ മഴക്കാലത്ത് ഈ ഭാഗങ്ങളില്‍ പലയിടത്തും റോഡ് പാടെ തകര്‍ന്നതിനെ തുടര്‍ന്ന് പല സംഘടനകളുടെയും പ്രക്ഷോഭത്തെ തുടര്‍ന്നായിരുന്നു അവിടെയെല്ലാം റിപ്പയര്‍ ചെയ്ത് ഗതാഗത യോഗ്യമാക്കിയത്. കടിയങ്ങാട് ഭാഗങ്ങളില്‍ റോഡിന്റെ പകുതിഭാഗം ടാര്‍ ചെയ്‌തെങ്കിലും ബാക്കിഭാഗം ഒരു വര്‍ഷത്തോളമായി ടാര്‍ ചെയ്യാതെ കിടക്കുകയാണ്.

ഈ വര്‍ഷം മഴക്കാലം ആരംഭിക്കാന്‍ ഇനി ഒന്ന് രണ്ടു മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇതുവരെ മുടങ്ങിയ നവീകരണ പ്രവൃത്തി പുനഃരാരംഭിക്കാന്‍ പൊതുമരാമത്ത് അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടാകാത്തത് പ്രതിഷേധാര്‍ഹമാണെന്ന് യൂത്ത് ലീഗ് കമ്മിറ്റി പറഞ്ഞു. ഏപ്രില്‍ മാസത്തിനു മുമ്പ് പണി പൂര്‍ത്തിയാക്കാത്തപക്ഷം യുവജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.

നിയോജകമണ്ഡലം പ്രസിഡന്റ് പി.സി.മുഹമ്മദ് സിറാജ് അദ്ധ്യക്ഷത വഹിച്ചു. ശിഹാബ് കന്നാട്ടി, കെ.സി മുഹമ്മദ്, സലിം മിലാസ്, സത്താര്‍ കീഴരിയൂര്‍, കെ.കെ.റഫീഖ്, ടി.കെ.നഹാസ്, ശംസുദ്ധീന്‍ വടക്കയില്‍, സി.കെ.ജറീഷ്, പി.വി മുഹമ്മദ് സംസാരിച്ചു.