എസ്.ആര്‍.എം പരിശോധന, കൊയിലാണ്ടി താലൂക്ക് ആശുപത്രിയെ ഒഴിവാക്കിയത് ഗൂഢാലോചനയെന്ന് കോണ്‍ഗ്രസ്


കൊയിലാണ്ടി: കോഴിക്കോട് ജില്ലയിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളില്‍ സന്ദര്‍ശനവും പരിശോധനയും നടത്തിയ സ്റ്റേറ്റ് റിവ്യൂ മിഷന്‍ ഉദ്യോഗസ്ഥര്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രി സന്ദര്‍ശിക്കാതിരുന്നത് ഗൂഢാലോചനയാണെന്ന് കോണ്‍ഗ്രസ്സ് കൊയിലാണ്ടി സൗത്ത്-നോര്‍ത്ത് മണ്ഡലം കമ്മിറ്റികള്‍ ആരോപിച്ചു. കോഴിക്കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ അസൗകര്യങ്ങളും ക്രമക്കേടുകളും ഉള്ള ഹോസ്പിറ്റലാണ് കൊയിലാണ്ടി താലൂക്ക് ആശുപത്രി. ഇവ നിരന്തരം ചൂണ്ടിക്കാണിച്ചിട്ടും കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ സന്ദര്‍ശനത്തിന് എത്താതിരുന്നത് ഭരണപക്ഷത്തിന്റെ ഇടപെടലുകള്‍ മൂലമാണെന്ന് മണ്ഡലം പ്രസിഡണ്ടുമാരായ അരുണ്‍ മണമലും രജീഷ് വെങ്ങളത്ത്കണ്ടിയും പറഞ്ഞു.

ഡയാലിസിസ് യൂണിറ്റ് സേവനം വിപുലപ്പെടുത്താനായി അടിയന്തരപ്രാധാന്യത്തോടെ നഗരസഭയില്‍ നിന്നും സമീപ പഞ്ചായത്തുകളില്‍ നിന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിരിച്ച രണ്ട് കോടിയോളം രൂപ ഇപ്പോഴും ചെലവഴിച്ചിട്ടില്ല. മൂന്നരക്കോടിയോളം ചെലവഴിച്ച് നിര്‍മ്മിച്ചു എന്ന് പറയുന്ന പ്രസവ-സ്ത്രീ ചികിത്സാ വിഭാഗമായ ലക്ഷ്യ പൂര്‍ണ്ണ പരാജയമാണ്. മൂന്നാം നിലയ്ക്ക് മുകളിലേക്ക് ഇപ്പോഴും ഫയര്‍ എന്‍.ഒ.സി ലഭ്യമായിട്ടില്ല.

മെഡിസിന്‍ വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ കടുംപിടുത്തം മൂലം ദിവസം 30 ഒ പി മാത്രമാണ് പരിശോധിക്കുന്നത്. നേരത്തെ 80-90 ഒ പി പരിശോധന നടന്ന സ്ഥാനത്താണ് ഇത്. സി ടി സ്‌കാന്‍, ഫാര്‍മസി, എക്സ്-റെ, ബ്ലഡ് ബാങ്ക് തുടങ്ങിയവയുടെ സേവനം പരിതാപകരമാണ്. ആവശ്യത്തിന് ഡോക്ടര്‍മാരും നഴ്സിങ്ങ് ജീവനക്കാരും ഇല്ലാത്തത് മൂലം ആശുപത്രി പ്രവര്‍ത്തനം പൂര്‍ണ്ണമായും താളം തെറ്റിയിരിക്കുന്നു.

ഓക്സിജന്‍ പ്ലാന്റ്, സോളാര്‍ സംവിധാനം, തുടങ്ങിയവയുടെ സേവനവും ലഭ്യമല്ല. മുഖ്യന്ത്രി തറക്കല്ലിട്ട പുതിയ കെട്ടിടത്തിന്റെ പ്രാരംഭ പ്രവൃത്തികള്‍ പോലും ആരംഭിച്ചിട്ടില്ല. രണ്ട് ആംബുലന്‍സ് ഉള്ളതില്‍ രണ്ടും പ്രവര്‍ത്തന ക്ഷമമല്ല. പോസ്റ്റ്മോര്‍ട്ടം സൗകര്യം ലഭ്യമല്ലാത്തതിനാല്‍ ഇരുപതിനായിരത്തോളം രൂപയാണ് സാധാരണക്കാരന് കോഴിക്കോട് കൊണ്ടുപോയി പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ ചെലവ് വരുന്നത്.

ഇത്രയും ഗുരുതരമായ സാഹചര്യങ്ങള്‍ നിരവധി തവണ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. അതിന് പുറമെയാണ് ഗൗരവതരമായ എസ്.ആര്‍.എം പരിശോധനയില്‍ നിന്നും കൊയിലാണ്ടി താലൂക്ക് ആശുപത്രിയെ മാറ്റി നിര്‍ത്തിയിരിക്കുന്നത്. ഇതിനെതിരെ ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ്സ് നേതൃത്വം പറഞ്ഞു.

അരുണ്‍ മണമല്‍, രജീഷ് വെങ്ങളത്ത്കണ്ടി, അഡ്വ. പി.ടി.ഉമേന്ദ്രന്‍, എം.എം.ശ്രീധരന്‍, മണി പാവുവയല്‍, പുരുഷോത്തമന്‍ കുറുവങ്ങാട് തുടങ്ങിയവര്‍ പ്രസംഗിച്ചു.