അമ്മാച്ഛന് പുറമേ ഫോക്‌ലോര്‍ പുരസ്‌കാര നിറവില്‍ കൊച്ചുമകനും; കേരളാ ഫോക്‌ലോര്‍ അക്കാദമിയുടെ യുവപ്രതിഭാ പുരസ്‌കാരം നേടി കുറുവങ്ങാട് സ്വദേശി ശ്രീജീഷ്


കൊയിലാണ്ടി: കേരള ഫോക്‌ലോര്‍ അക്കാദമിയുടെ 2022ലെ യുവ പ്രതിഭാപുരസ്‌കാരത്തിന് അര്‍ഹനായി കൊയിലാണ്ടി കുറുവങ്ങാട് സ്വദേശി. തെയ്യം കലാകാരനായ ഒതയോത്ത് താഴെക്കുനി ശ്രീജീഷ് (32) നെയാണ് യുവപ്രതിഭാ പുരസ്‌കാരം നല്‍കി ആദരിച്ചത്.

പതിനാറ് വര്‍ഷമായി തെയ്യം അനുഷ്ഠാന കലാരംഗത്ത് പ്രവര്‍ത്തിച്ചുവരികയാണ് ശ്രീജീഷ്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ വിവിധ ക്ഷേത്രങ്ങളില്‍ തെയ്യക്കോലം കെട്ടിയാടുകയും മുഖത്തെഴുത്ത്, അണിയലനിര്‍മ്മാണം എന്നീ മേഖലകളിലും പ്രവര്‍ത്തിച്ചുവരുന്നു.

എലത്തൂര്‍ കാഞ്ഞൂറി ഭഗവതി ക്ഷേത്രത്തിലെ ഓടക്കാളി തെയ്യം, എളാട്ടേരി തെക്കെയില്‍ ഭഗവതി ക്ഷേത്രത്തിലെ ഭഗവതി തെയ്യം, തുവ്വക്കോട് കുഞ്ഞിമഠം പരദേവതാ ക്ഷേത്രത്തിലെ വേട്ടയ്‌ക്കൊരു മകന്‍, പൂക്കാട് വയലേരി നാഗകാളി ഭവഗതി ക്ഷേത്രത്തിലെ ചാമുണ്ഡി തുടങ്ങിയ പ്രസിദ്ധമായ തെയ്യങ്ങള്‍ കെട്ടിയാടുന്നത് ശ്രീജീഷ് ആണ്.

അമ്മയുടെ അച്ഛനും തെയ്യം തിറ കലാകാരനുമായ കരിയാട്ട് കുഞ്ഞിബാലനാണ് കലാരംഗത്തേക്ക് ശ്രീജിഷിനെ കൈപിടിച്ചാനയിച്ചത്. അദ്ദേഹത്തിനും 2022ലെ സംസ്ഥാന സര്‍ക്കാറിന്റെ ഫോക് ലോര്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

നാടകരംഗത്തും ശ്രീജീഷ് സജീവമാണ്. നിരവധി നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. സ്‌കൂള്‍ കലോത്സവങ്ങള്‍ക്കുവേണ്ടി വിവിധ സ്‌കൂളുകളുടെ ടീമുകളെ പരിശീലിപ്പിക്കാറുമുണ്ട്.