ആരോഗ്യം വര്‍ധിപ്പിക്കാന്‍ മുളപ്പിച്ച കടല വേവിച്ച് കഴിക്കാം; ഗുണങ്ങള്‍ പലത്, അറിയാം വിശദമായി
ആരോഗ്യം വര്‍ധിപ്പിക്കുന്നതില്‍ പയര്‍, കടല വര്‍ഗങ്ങള്‍ എന്നിവ വലിയ പങ്ക് വഹിക്കുന്നുണ്ട്. കടല നമ്മുടെ ശരീരത്തിന് എങ്ങനെയെല്ലാം ഗുണം ചെയ്യും എന്ന് നോക്കാം. നാം പൊതുവേ ഉപയോഗിയ്ക്കുന്നതാണ് കടല. ഇവ രണ്ടു തരത്തിലുണ്ട്, വെളുത്തു കടലയും ബ്രൗണ്‍ നിറത്തിലെ കടലയും.
ഇതില്‍ കറുത്ത നിറത്തിലെ കടലയില്‍ ഏറെ ആരോഗ്യപരമായ ഗുണങ്ങളുണ്ട്. മഗ്‌നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളുടെ മികച്ച ഉറവിടമാണ് കടല. ഇത് മുളപ്പിച്ച് വേവിച്ചോ അല്ലാതെയോ കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം നല്‍കും. ഇതില്‍ വിറ്റാമിന്‍ എ, ബി 6, സിങ്ക്, മാംഗനീസ് തുടങ്ങിയ അവശ്യ വിറ്റാമിനുകളും അതോടൊപ്പം ധാതുക്കളും ഉണ്ട്.
പ്രമേഹരോഗികള്‍ക്ക് കഴിയ്ക്കാവുന്ന മികച്ചൊരു ഭക്ഷണ വസ്തുവാണ് കടല. കടല മുളപ്പിച്ചത് വേവിച്ചും അല്ലാതെയും കഴിയ്ക്കുന്ന് ഏറെ നല്ലതാണ്. പ്രോട്ടീന്‍, ഫൈബര്‍ എന്നിവയുടെ മികച്ച ഉറവിടമായ ഇതില്‍ കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. ഇതില്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്ന നാരുകളുടെ സാന്നിധ്യം രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
ചര്‍മാരോഗ്യത്തിനും കടല ഗുണപ്രദമാണ്. കടലയില്‍ മാംഗനീസ് ഉള്ളതിനാല്‍ ഇത് ചര്‍മത്തില്‍ ഉണ്ടാകുന്ന അകാലവാര്‍ധക്യ ലക്ഷണങ്ങളെ തടയാന്‍ സഹായിക്കുന്നു. ഇത് ചുളിവുകള്‍ക്ക് കാരണമാകുന്ന ഫ്രീ റാഡിക്കലുകള്‍ക്കെതിരേ പോരാടാന്‍ ശേഷിയുള്ള ഒന്നാണ്. ഇതിനാല്‍ തന്നെ പ്രായക്കുറവിന് ഇത് സഹായിക്കുന്നു.
കൂടാതെ ശരീരത്തിന് പ്രതിരോധശേഷി നല്‍കാന്‍ സഹായിക്കുന്നു. കടലയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകള്‍ വന്‍കുടല്‍, സ്തന, ശ്വാസകോശ അര്‍ബുദം എന്നിവയുടെ സാധ്യതകളെ കുറയ്ക്കാന്‍ സഹായകമാണെന്ന് ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു.