‘ഭരണഘടനയെ അസ്ഥിരപ്പെടുത്താന്‍ ആസൂത്രിത ശ്രമം’: കൊയിലാണ്ടിയില്‍ നടന്ന സയ്യിദ് അലി ബാഫഖി തങ്ങളുടെ ആദരവ് സമ്മേളനത്തില്‍ സ്പീക്കര്‍


കൊയിലാണ്ടി: ഭരണഘടനയെ അസ്ഥിരപ്പെടുത്താന്‍ കൊണ്ടുപിടിച്ച ശ്രമം നടക്കുന്നതായി സ്പീക്കര്‍ എ എന്‍ ഷംസീര്‍. പൊതു പ്രവര്‍ത്തന രംഗത്ത് ആറ് പതിറ്റാണ്ട് തികച്ച സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് ‘ പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ക്ക് കൊയിലാണ്ടി സ്റ്റേഡിയത്തില്‍ നല്‍കിയ ആദരവ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എന്തെല്ലാം വൈകൃതങ്ങള്‍ കാണിച്ചാലും അതെല്ലാം അതിജീവിച്ച് രാജ്യം നിലനില്‍ക്കുക തന്നെ ചെയ്യും. രണ്ട് വര്‍ഷക്കാലത്തെ നിരന്തര ചര്‍ച്ചയിലൂടെ രൂപപ്പെട്ടതാണ് ഇന്ത്യന്‍ ഭരണഘടന. എല്ലാ മത വിശ്വാസികള്‍ക്കും അവരുടെ വിശ്വാസാചാരങ്ങളോടെ ജീവിക്കാന്‍ ഭരണഘടന സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. എല്ലാവര്‍ക്കും തുല്യനീതി ഭരണഘടന അനുശാസിക്കുന്നു. ചില ഘട്ടങ്ങളിലൊക്കെ തിരിച്ചടിയുണ്ടായിട്ടുണ്ട്. അവയെ നാം ഒറ്റക്കെട്ടായി തോല്‍പ്പിച്ചിട്ടുമുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു.

നിരാശയുണ്ടായേക്കാം. എന്നാല്‍ ഭാവിയെ കുറിച്ച് ആശങ്ക വേണ്ട. വിശ്വാസികള്‍ക്ക് അവരുടെ വിശ്വാസം മുറുകെ പിടിച്ചു തന്നെ മുന്നോട്ട് പോകാനാകും. വര്‍ഗീയതക്കെതിരെ എന്നും ശക്തമായ നിലപാട് സ്വീകരിച്ചവരാണ് കാന്തപുരവും അദ്ദേഹത്തിന്റെ പ്രസ്ഥാനവും. മുസ്ലിം സമുദായത്തില്‍ വര്‍ഗീയത കുത്തിവെക്കാന്‍ ശ്രമം നടന്നപ്പോഴെല്ലാം കാന്തപുരം അതിനെതിരെ വ്യക്തമായ നിലപാട് കൈക്കൊണ്ടിട്ടുണ്ട്. ഭിന്നിപ്പിനു വേണ്ടി ശ്രമിക്കുന്നവരെ തള്ളി മതേതരത്തിനു വേണ്ടി നിലകൊണ്ടതാണ് കേരളത്തിന്റെ പാരമ്പര്യം.

എല്ലാവരും പക്വമായ വാക്കുകള്‍ മാത്രം ഉപയോഗിക്കണം. വേദിയിലിരിക്കുമ്പോള്‍ പുരുഷാരത്തിന്റെ കൈയടി കിട്ടാന്‍ വേണ്ടി എന്തും വിളിച്ചു പറയുന്നത് അപകടകരമായ പ്രവണതയാണെന്നും സ്പീക്കര്‍ പറഞ്ഞു.