ജോലി കഴിഞ്ഞ് ഒറ്റയ്ക്ക് പോകുന്ന സ്ത്രീകളെ നോട്ടമിടും, ആളില്ലാത്ത സ്ഥലത്ത് വച്ച് ഉടുമുണ്ട് അഴിച്ച് മുഖത്ത് ചുറ്റി ക്രൂരമായ പീഡനം; പാലക്കാട്ടെ ‘സ്ഫടികം’ വിഷ്ണു പൊലീസ് പിടിയില്‍


പാലക്കാട്: സ്ത്രീകളെ ക്രൂരമായ പീഡനത്തിന് ഇരയാക്കുന്ന കൊടുംകുറ്റവാളി ‘സ്ഫടികം’ വിഷ്ണു അറസ്റ്റില്‍. വീട്ടമ്മയുടെ പരാതിയില്‍ പാലക്കാട് സൗത്ത് പൊലീസാണ് കൊടുമ്പ് സ്വദേശിയായ ഇയാളെ അറസ്റ്റ് ചെയ്തത്. മോഹന്‍ലാല്‍ ചിത്രമായ ‘സ്ഫടിക’ത്തിലെ ശൈലി അനുകരിച്ച് കുറ്റകൃത്യം ചെയ്യുന്നതിനാലാണ് ഇയാള്‍ സ്ഫടികം വിഷ്ണു എന്ന് അറിയപ്പെടുന്നത്.

വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന സ്ത്രീകളെയാണ് ഇയാള്‍ ലക്ഷ്യമിടാറ്. കാല്‍നടയായി വീട്ടിലേക്ക് പോകുന്ന സ്ത്രീകളെ നിരീക്ഷിച്ച ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് വച്ചാണ് ആക്രമിക്കുക.

പരിസരത്ത് മറ്റാരും ഇല്ലെന്ന് ഉറപ്പാക്കിക്കഴിഞ്ഞാല്‍ സ്വന്തം ഉടുമുണ്ട് അഴിച്ചെടുത്ത് സ്ത്രീകളുടെ പിന്നാലെയെത്തി മുണ്ട് മുഖത്ത് ചുറ്റും. ഇരയാക്കപ്പെടുന്ന സ്ത്രീകള്‍ തന്നെ തിരിച്ചറിയാതിരിക്കാനാണ് വിഷ്ണു ഇങ്ങനെ ചെയ്യുന്നത്. തുടര്‍ന്ന് അവരെ വലിച്ചിഴച്ച് കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയാണ് ലൈംഗികമായി പീഡിപ്പിക്കുക.

ഇതേ രീതിയില്‍ ഇയാള്‍ നിരവധി സ്ത്രീകളെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ അപമാനം ഭയന്നാണ് ഇരയാക്കപ്പെട്ടവര്‍ വിവരം പുറത്ത് പറയാത്തവര്‍. കഴിഞ്ഞ ദിവസം കൊടുമ്പ് സ്വദേശിനിക്ക് നേരെയും മുണ്ട് തലയിലിട്ടുള്ള അതിക്രമം വിഷ്ണു നടത്തി.

കൃത്യമായ സൂചനകള്‍ പിന്തുടര്‍ന്നാണ് പാലക്കാട് സൗത്ത് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വിഷ്ണു പിടിയിലായതോടെ കൊടുമ്പിലും പരിസരങ്ങളിലുമുള്ള പലരും സമാനമായ അതിക്രമം വിഷ്ണു നടത്തിയതിന്റെ വിവരങ്ങളുമായി പൊലീസിനെ സമീപിക്കുന്നുണ്ട്. സ്ഫടികം വിഷ്ണുവിനെ പാലക്കാട് കോടതി റിമാന്റ് ചെയ്തു.