സ്വത്ത് വിൽക്കാൻ ആവശ്യപ്പെട്ടെങ്കിലും സുബൈദ തയ്യാറായില്ല; താമരശ്ശേരിയിൽ മകൻ ഉമ്മയെ കൊന്നത് പണം നൽകാത്തതിലുള്ള വൈരാഗ്യം മൂലം
കോഴിക്കോട്: താമരശ്ശേരിയിൽ ഉമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചത് പണം നൽകാത്തതിലുള്ള വൈരാഗ്യം. സ്വത്ത് വിൽപ്പന നടത്താൻ വിസമ്മതിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് നൽകുന്ന വിവരം. മുൻപ് രണ്ട് തവണ ഇയാൾ ഉമ്മയെ കൊല്ലാൻ ശ്രമിച്ചിരുന്നുവെന്നും പോലീസ് അറിയിച്ചു.
പതിവായി ആഷിഖ് സുബൈദയോട് പണം ചോദിച്ചിരുന്നു. കൂടാതെ ഇവരുടെ പേരിലുള്ള സ്വത്തുക്കൾ വിൽക്കാനും ആഷിഖ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് തയ്യാറല്ലെന്ന മറുപടിയാണ് സുബെെദ നൽകിയത്. ഇതിനെ തുടർന്നാണ് ഉമ്മയെ കൊല്ലാൻ ആഷിഖ് തയ്യാറായത്. നേരത്തെയും സുബെെദയെ കൊല്ലാൻ ആഷിഖ് ശ്രമം നടത്തിയിട്ടുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ബ്രയിന്‍ ട്യൂമര്‍ ബാധിച്ച ഉമ്മ സുബൈദയ്ക്ക് അടുത്തിടെയാണ് ശസ്ത്രക്രിയ നടത്തിയത്. തുടര്‍ന്ന് സഹോദരി സക്കീനയുടെ വീട്ടില്‍ വിശ്രമത്തിലിരിക്കെയാണ് ആഷിഖ് കൊലപ്പെടുത്തുന്നത്. ജന്മം നല്‍കിയതിനുള്ള ശിക്ഷയാണ് നടപ്പാക്കിയതെന്നായിരുന്നു പോലീസിന് ആഷിഖ് നൽകിയ മൊഴി. ഒന്നര വയസിൽ വാപ്പ ഉപേക്ഷിച്ച് പോയ ശേഷം സുബെെദയാണ് മകനെ വളർത്തിയത്.
ALSO READ- ‘നടപ്പാക്കിയത് ജന്മം നൽകിയതിനുള്ള ശിക്ഷ’; താമരശേരി കൊലപാതകത്തിൽ പ്രതിയുടെ പ്രാഥമിക മൊഴി പുറത്ത്
ഉച്ചയോടെ അയല്‍വീട്ടിലെത്തിയ ആഷിഖ് തേങ്ങ പൊളിക്കാനാണെന്ന് പറഞ്ഞാണ് കൊടുവാള്‍ വാങ്ങിയത്. തുടര്‍ന്ന് വീട്ടിലെത്തി സുബൈദയെ കൊലപ്പെടുത്തുകയായിരുന്നു. വീടിനുള്ളില്‍ നിന്നും കരച്ചില്‍ കേട്ടാനാണ് നാട്ടുകാര്‍ ഓടിയെത്തിയത്. വാതില്‍ അടച്ച് ഇരിക്കുകയായിരുന്നു ആഷിഖ് അപ്പോള്‍. നാട്ടുകാര്‍ ബഹളമുണ്ടാക്കിയതോടെ ‘ആര്‍ക്കാട കത്തിവേണ്ടതെന്ന്’ ചോദിച്ച് ഒരു തവണ വീടിന് പുറത്തിറങ്ങി. തുടര്‍ന്ന് കത്തി കഴുകിയശേഷം അവിടെ വെച്ച് വീണ്ടും വീടിനുള്ളിലേക്ക് കയറി വാതിലടച്ചു. പിന്നീട് സക്കീനയെത്തിയപ്പോഴാണ് ആഷിഖ് വാതില്‍ തുറന്നത്. ഈ സമയം നാട്ടുകാര്‍ പിടികൂടി കെട്ടിയിട്ട് പൊലീസിലേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുബൈദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.