ഒമാനിലും യു.എ.ഇയിലും ജോലി ചെയ്യാന്‍ പറ്റുന്ന മൂന്നുലക്ഷം രൂപ ‘വിലയുള്ള’ വിസ നൽകി യു.എ.ഇയിലെലെത്തിച്ചു; ജോലി ഒരുക്കാതെ ഏജന്റ് മുങ്ങി; നാലു വർഷത്തെ നിസ്സഹായാവസ്ഥയ്ക്കൊടുവിൽ അത്തോളി സ്വദേശിനിയ്ക്ക് രക്ഷകരായി സാമൂഹിക പ്രവർത്തകർ
അത്തോളി: ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് വിദേശത്ത് അകപ്പെട്ടു പോയ അത്തോളി സ്വദേശിനിക്ക് രക്ഷകരായി സാമൂഹ്യ പ്രവർത്തകർ. പരിചയമില്ലാത്ത നാട്ടിൽ നിസ്സഹാവസ്ഥയുടെ പടുകുഴിയിൽ നിന്ന് ഏറെ കഷ്ടപാടുകൾക്കൊടുവിൽ അത്തോളി സ്വദേശിനി ഷെക്കീനയാണ് ഒടുവിൽ നാടണഞ്ഞത്.
നാലു വർഷങ്ങൾക്ക് മുൻപ് 2018ലാണ് ഷെക്കീന നാട്ടിലുള്ള ഏജന്റ് മുഖേന ഒമാനില്‍ എത്തുന്നത്. ഒമാനിലും യു.എ.ഇയിലും ജോലി ചെയ്യാന്‍ പറ്റുന്ന ഫ്രീവിസ എന്ന് പറഞ്ഞാണ് ഒമാനിലെത്തിച്ചത്. വിസയ്ക്കായി ഇവരുടെ കയ്യിൽ നിന്ന് മൂന്നുലക്ഷം രൂപയും തട്ടിയെടുത്തിരുന്നു.
എന്നാൽ പാസ്പോര്‍ട്ടോ വിസയോ മറ്റു രേഖകളോ ഒന്നുമില്ലാതെ ഷെക്കീനയെ ഏജന്റ് അനധികൃതമായി യു.എ.ഇയില്‍ എത്തിക്കുകയായിരുന്നു. ഒടുവിൽ ജോലി ശരിയാകാതെ വന്നപ്പോള്‍ ഏജന്റിനെ ബന്ധപ്പെട്ടു. എന്നാൽ ഏജന്റിനോടൊപ്പമുണ്ടായിരുന്ന ആൾ ഇവരെ രേഖകളൊന്നുമില്ലാതെ യു.എ.ഇ യിൽ എത്തിക്കുകയായിരുന്നു. ഭാഷയോ നിയമമോ ഒന്നും അറിയാത്ത ഷെക്കീന യു.എ.യിൽ അകപ്പെട്ടു പോയി.
യു.എ.ഇയില്‍ അനധികൃതമായി ഒരു വീട്ടിൽ വീട്ടുജോലി ചെയ്ത് ജീവിക്കുകയായിരുന്നു. എന്നാല്‍, പാസ്പോര്‍ട്ടോ മറ്റു അനുബന്ധ രേഖകളോ ഇല്ലാതെ അവിടെ തുടരുന്നതിനാൽ നിയമ പ്രതിസന്ധിയില്‍ അകപെടുകയായിരുന്നു.
ഏജന്റിനാൽ ചതിക്കപെട്ടന്നു മനസ്സിലകാക്കുകയും ഇവരുടെ നിസ്സഹായാവസ്ഥ അറിയുകയും ചെയ്ത സാമൂഹിക പ്രവര്ത്തകന് സലാം പാപ്പിനിശ്ശേരിയാണ് ഒടുവിൽ രക്ഷകനായത്. ഇദ്ദേഹം ബി.എല്‍.എസ് സെന്ററുമായി ബന്ധപ്പെടുകയും എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് വാങ്ങുകയും ദുബൈ എമിഗ്രേഷന്റെ സഹായത്തോടെ ഔട്ട്പാസ് തരപ്പെടുത്തുകയും ചെയ്യുകയായിരുന്നു.
സാമൂഹിക പ്രവര്‍ത്തകരായ ഷീജ ഷെഫീഖ്, ഭര്‍ത്താവ് അന്‍വര്‍ ഷെഫീഖ് എന്നിവരാണ് ഇവർക്ക് നാട്ടിലേക്കുള്ള ടിക്കറ്റ് ഒരുക്കിയത്. ശേഷം ഷീജയും ദില്‍ന, ഫാസി, ജിഷ, മഞ്ജു, സജന, ഷിനി എന്നിവരുമുള്‍പ്പെടുന്ന വനിത കൂട്ടായ്മ ടിക്കറ്റ് ഉള്‍പ്പെടെയുള്ള സാമ്പത്തിക സഹായം നല്കി. ദുബായിലുള്ള ഒരു പറ്റം നല്ല മനസ്സുകളുടെ സഹായത്തോടെ ഒടുവിൽ ഷെക്കീന നാട്ടിലെത്തി. അത്തോളിയുടെ സുരക്ഷിതത്തത്തിലേക്ക്.