‘അധികൃതരുടേത് വിദ്യാർത്ഥി വിരുദ്ധ നിലപാട്, പരീക്ഷ പേപ്പർ തട്ടിയെടുത്തു എന്നാരോപണം പച്ചക്കള്ളം’; കൊയിലാണ്ടി എസ്.എന്‍.ഡി.പി കോളേജില്‍ നിന്ന് സസ്പെൻഡ് ചെയ്ത വിദ്യാർത്ഥികളെ തിരിച്ചെടുക്കണമെന്ന് എസ്.എഫ്.ഐ
കൊയിലാണ്ടി: ആര്‍.ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി കോളേജില്‍ വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ. അധികാരികളുടെയും കോളേജ് കൗൺസിലിന്റെയും വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾക്ക് എതിരെ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. അകാരണമായാണ് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തതെന്ന് എസ്.എഫ്.ഐ ആരോപിച്ചു. മോഡല്‍ പരീക്ഷ തടസപ്പെടുത്തിയെന്നും അധ്യാപകരെ ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചാണ് കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അടക്കമുള്ള എട്ട് വിദ്യാര്‍ഥികളെ സസ്‌പെന്റ് ചെയ്തത്.
നിരവധി തവണ ഇന്റെർണൽ മാർക്ക് അപ്‌ലോഡ് ചെയ്യുന്നതിനായി എക്സാം നടത്തുകയും ഇന്റെർണൽ മാർക്ക്‌ലിസ്റ്റ് ഉൾപ്പടെ എടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ മാർക്കുകൾ ഒന്നും തന്നെ ഇന്റെർണൽ മാർക്ക് ആയി പരിഗണിക്കില്ലെന്നും നിലവിൽ പാഠഭാഗം പോലും തീരാതെ മോഡൽ എക്സാം നടത്താൻ അധീകൃതർ തീരുമാനിക്കുകയായിരുന്നെന്നും എസ്.എഫ്.ഐ ആരോപിച്ചു.
വിദ്യാർത്ഥികളെ മാനസികമായി ബുദ്ധിമുട്ടിക്കുന്ന കോളേജ് അധ്യാപകരുടെയും കൗൺസിലിന്റെയും വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾക്കെതിര പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചിരുന്നു. വിഷയത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയ നൂറുകണക്കിന് വിദ്യാർത്ഥികളുടെ പ്രകടനത്തിൽ പങ്കെടുത്തതിന്റെ പേരിൽ എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ്, യൂണിയൻ ചെയർപേഴ്സൺ, യൂണിയൻ അംഗങ്ങൾ അടക്കം എട്ട് വിദ്യാർത്ഥികളെ ഒരു തെളിവിന്റെയും അടിസ്ഥാനമില്ലാതെ കൗൺസിൽ സസ്‌പെൻഡ് ചെയ്യാൻ തീരുമാനിക്കുകയാണ് ചെയ്തതെന്ന് എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. കൂടാതെ പരീക്ഷ പേപ്പർ തട്ടിയെടുത്തു തുടങ്ങിയ പച്ചക്കള്ളങ്ങൾ പറഞ്ഞാണ് സസ്‌പെൻഷൻ നൽകിയിട്ടുള്ളത്. മുൻപും ഇതേ പോലുള്ള വിദ്യാർത്ഥി വിരുദ്ധ നിലപാടുകളും വിദ്യാർത്ഥി ചൂഷണവും അധികാരികളിൽ നിന്നും കോളേജ് കൗൺസിലിൽ നിന്നും ഉണ്ടായിട്ടുണ്ടെന്നും എസ്.എഫ്.ഐ വ്യക്തമാക്കി.
എസ്.പി.എസ് ട്രെയിനിങ് കമ്പനിയുടെ ട്രെയിനിങ് പ്രോഗ്രാം കോളേജിൽ സംഘടിപ്പിക്കുകയും വിദ്യാർത്ഥികളെ നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും പങ്കെടുപ്പിക്കാനുള്ള ശ്രമം നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ മറവിൽ 750 രൂപ ഫീസ് വരുന്ന കോച്ചിങ്ങിന് 1000 രൂപ വിദ്യാർത്ഥികളിൽ നിന്ന് വാങ്ങുകയും 250 വിദ്യാർത്ഥികളെ ടാർഗറ്റ് ചെയ്ത് അഴിമതി നടത്താനുള്ള പ്രിൻസിപ്പലിന്റെ ശ്രമവും എസ്.എഫ്.ഐ യൂണിറ്റ് കമ്മറ്റി ഇടപെട്ട് മുൻപ് തടഞ്ഞിരുന്നു. ഇതേ തുടർന്നുള്ള വൈരാഗ്യ ബുദ്ധിയോടുള്ള അധ്യാപകരുടെ ഇടപെടലാണ് പുതിയ പ്രശ്നങ്ങൾക്ക് പിന്നിൽ. മുഴുവൻ വിദ്യാർത്ഥികളുടെയും സസ്‌പെൻഷൻ പിൻവലിക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ല എന്ന് എസ് എഫ് ഐ അറിയിച്ചു.
അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളുടെ ഇന്റേണല്‍ പരീക്ഷയുടെ ഭാഗമായി നടന്നുകൊണ്ടിരിക്കുന്ന മോഡല്‍ പരീക്ഷ തടസ്സപ്പെടുത്തിയതിനും പരീക്ഷാഹാളില്‍ അതിക്രമിച്ചു കയറി അധ്യാപകരെ ഭീഷണിപ്പെടുത്തുകയും അവരില്‍നിന്നും ചോദ്യ പേപ്പറുകളും പരീക്ഷ എഴുതിക്കൊണ്ടിരുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും ചോദ്യ പേപ്പറുകളും ഉത്തരക്കടലാസുകളും ബലമായി പിടിച്ചു പറിച്ചു കീറി എറിയുകയും പരീക്ഷാ ഹാളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്തുവെന്നാരോപിച്ചാണ് വിദ്യാർത്ഥികൾക്കെതിരെ നപടിയെടുത്തത്.
Summary: SNDP College Koyilandy- SFI demands reinstatement of suspended students