‘സാഹസിക വിനോദങ്ങളോടും യാത്രകളോടുമുള്ള താൽപര്യം റെക്കോഡുകൾ മറികടന്ന് മുന്നേറാനുള്ള പ്രചോദനം’; സ്‌കൈ ഡൈവിങില്‍ 43,000 അടി ഉയരത്തില്‍ നിന്നും ഏഴ് മിനിറ്റിനുള്ളില്‍ ഭൂമിയിലെത്തി ഏഷ്യന്‍ റെക്കോഡ് സ്വന്തമാക്കിയ ബാലുശ്ശേരി പനായി സ്വദേശി ജിതിന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് സംസാരിക്കുന്നു
ബാലുശ്ശേരി: ‘സാഹസിക വിനോദങ്ങളോടും യാത്രകളോടുമുള്ള താല്‍പര്യമാണ് ലോക, ഏഷ്യന്‍ റെക്കോഡുകളിലേക്കെത്തിച്ചത്’. സ്‌കൈ ഡൈവിങില്‍ ലോകറെക്കോഡും ഏഷ്യന്‍ റെക്കോഡും സ്വന്തമാക്കിയ ബാലുശ്ശേരി പനായി സ്വദേശി ജിതിന്‍ വിജയന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് സംസാരിച്ചു. എറണാകുളത്ത് ഐ.ടി. കമ്പനിയുടെ ഡയറക്ടറായ ജിതിന്‍ അമേരിക്കയിലെ ടെന്നസിലിയില്‍ ജൂലൈ ഒന്നിന് നടന്ന സ്‌കൈ ഡൈവിങില്‍ 43,000 അടി ഉയരത്തില്‍ വിമാനത്തില്‍ നിന്ന് സ്‌കൈ ഡൈവിങ് നടത്തിയാണ് ഏഷ്യന്‍ റെക്കോഡ് കരസ്ഥമാക്കിയത്.
43,000 അടി ഉയരത്തില്‍ നിന്ന് ചാടി ഭൂമിയില്‍ എത്താന്‍ ജിതിന്‍ എടുത്തത് ആകെ ഏഴ് മിനിറ്റ്. ഇതില്‍ മൂന്നു മിനിറ്റ് ഫ്രീ ഫാള്‍ ആയിരുന്നു. 5500 അടി ഉയരത്തില്‍ നിന്നാണ് പാരച്ചൂട്ട് ഉയര്‍ത്തിയത്. പാരച്ചൂട്ട് ഉയര്‍ത്തിയ ശേഷം ഭൂമിയിലെത്താന്‍ നാലു മിനിറ്റ് സമയം എടുത്തു. 43,000 അടി ഉയരത്തില്‍ നിന്ന് ഡൈവ് ചെയ്യുമ്പോള്‍ കൈത്തണ്ടയില്‍ ഇന്ത്യന്‍ പതാക ധരിക്കാന്‍ കൂടി ജിതിന്‍ കരുത്ത് കാട്ടി എന്നതും ഏറെ ശ്രദ്ധേയമായിരുന്നു. സാഹസികതകള്‍ എന്തെങ്കിലും കൊണ്ടുവരണമെന്ന ലക്ഷ്യത്തോടെയാണ് ഇത് ചെയ്തതെന്നും ജിതിന്‍ പറയുന്നു. ഈ ഡൈവിലൂടെ ഇതിനു മുന്‍പ് ഉണ്ടായിരുന്ന 30,000 അടി ഉയരമെന്ന ഏഷ്യന്‍ റെക്കോഡ് മറികടക്കാന്‍ സാധിച്ചതായും ജിതിന്‍ പറഞ്ഞു.
ഫ്ളാറ്റ് ഫ്ളയിങിലെ 2.30 മിനുട്ട്സ് എന്ന ലോക റെക്കോടും ഇതിനോടകം ജിതിന്‍ സ്വന്തമാക്കിക്കഴിഞ്ഞതാണ്. എറണാകുളത്ത് എന്‍ ഡൈമെന്‍ഷന്‍സ് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഐ.ടി. കമ്പനിയുടെ ഡയറക്ടറാണ് ജിതിന്‍. ഇതിനു പുറമെ അയോട്ട് തുടങ്ങി മറ്റ് കമ്പനികളും നേതൃത്വം നല്‍കുന്നുണ്ട്.
2016 മുതല്‍ പൂനൈയില്‍ പാരാഗ്ലൈഡിങ് തുടരുന്നുണ്ട് എന്നാല്‍ 2019ല്‍ ന്യൂസിലാന്റില്‍ വച്ച് ഒരു സ്‌കൈ ഡൈവിങ് നടത്തുകയുണ്ടായി അതിനെത്തുടര്‍ന്നാണ് സ്‌കൈ ഡൈവിങില്‍ താല്‍പര്യം വരുന്നത്. അന്ന് ടാന്റം ഇന്‍സ്ട്രക്ടറോടൊപ്പമായിരുന്നു സ്‌കൈ ഡൈവ് ചെയ്തിരുന്നത്. പിന്നീട് കഴിഞ്ഞ വര്‍ഷത്തോടെ സ്‌കൈ ഡൈവിങില്‍ ലൈസന്‍സ് സ്വന്തമാക്കുകയായിരുന്നു. ജര്‍മ്മനിയിലെ സ്പെയിനില്‍ നിന്നാണ് എ ഗ്രേഡ് ലൈസന്‍സ് സ്വന്തമാക്കിയത്. ദുബായ്, അബുദാബി, യു.കെ. എന്നിവിടങ്ങളിലെ സ്‌കൈ ഡൈവിങ് സെന്ററുകളിലും പരിശീലനം നടത്തിയതായും കൂട്ടിച്ചേര്‍ത്തു.
ഇത്തരം പ്രോഗ്രാമുകള്‍ നടക്കുമ്പോള്‍ പങ്കെടുക്കാനായി നേരത്തെ അപ്ലൈ ചെയ്യണം ഇന്ത്യയില്‍ എയറോ ക്ലബ്ബ് ഓഫ് ഇന്ത്യയാണ് പരിപാടികളില്‍ പങ്കെടുക്കാനായുള്ള ലൈസന്‍സ് നല്‍കുന്നത്.
സ്‌കൂളുകളില്‍ പഠിക്കുന്ന കാലം തൊട്ടേ സ്പോട്സില്‍ വലിയ താല്‍പര്യമായിരുന്നു. സ്‌കേറ്റിങ് ഉള്‍പ്പെടെ വിവിധ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. ഒരിക്കല്‍ അച്ഛനോടൊപ്പം 19 യൂറോപ്യന്‍ രാജ്യങ്ങളില്‍ സ്വയം ഡ്രൈവ് ചെയ്ത് സഞ്ചരിച്ചിരുന്നു. സാഹസികതകളോട് ഏറെ താല്‍പര്യമാണ്. സാഹസികതകള്‍ ഭാവിയിലും തുടരാനും റെക്കോഡുകള്‍ മറികടന്ന് മുന്നേറാനുമാണ് താല്‍പര്യമെന്നും ജിതിന്‍ പറയുന്നു. പങ്കെടുത്ത രണ്ട് ഏഷ്യന്‍ ഡൈവുകളുടെ റിസല്‍ട്ട് വരാനായി ഇരിക്കുന്നുണ്ട് ഇതിനായുള്ള കാത്തിരിപ്പിലാണെന്നും ജിതില്‍ അറിയിച്ചു.
ബാലുശ്ശേരി പനായി മലയിലകത്തൂട്ട് വിജയന്റെയും സത്യഭാമയുടെയും മകനാണ്. കോക്കല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വടകര എന്‍ജിനിയറിങ് കോളേജ് എന്നിവിടങ്ങളില്‍ നിന്നാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഭാര്യ ദിവ്യക്കും മകന്‍
സൗരവിനുമൊപ്പം എറണാകുളത്താണ് ഇപ്പോള്‍ താമസം.