നിങ്ങൾക്ക് സ്വയം സംരംഭകരാകണോ? ജില്ലയിൽ വനിതകള്‍ക്കായി സംരംഭകത്വ വികസന പരിശീലന പരിപാടി


കോഴിക്കോട്: ജീവിതം മുന്നോട്ടെങ്ങനെ കൊണ്ടുപോകുമെന്നറിയാതെ വലയുകയാണോ? സ്വയം സംരംഭകയാകണമെന്ന ആഗ്രഹമുണ്ടോ? എന്നാൽ ഈ അവസരം നിങ്ങൾക്കാണ്. സ്ത്രീകളെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്നതിനായി സംരംഭകത്വ പരിശീലനം നൽകാനൊരുങ്ങി സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷൻ. 18 നും 55 നും മധ്യേ പ്രായമുള്ള വനിതകള്‍ക്കാണ് സംരംഭകത്വ വികസന പരിപാടികള്‍ ആരംഭിക്കുന്നത്. ആറ് ദിവസം നീണ്ടുനില്‍ക്കുന്ന പരിശീലന പരിപാടിയില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന യോഗ്യരായ 30 പേരെ തിരഞ്ഞെടുക്കും.

ആറ് ദിവസത്തെ പരിശീലന പരിപാടിയാണ് പദ്ധതിയിലുള്ളത്. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് 1000 രൂപ സ്റ്റൈപ്പന്റ് ഉണ്ടാവും. പത്താം ക്ലാസ്സാണ് ക്യാമ്പിൽ പങ്കെടുക്കാനുള്ളവരുടെ മിനിമം വിദ്യാഭ്യാസ യോഗ്യത. 35 വയസ്സിനുമേല്‍ പ്രായമുള്ള അവിവാഹിതകള്‍, വിവാഹ മോചിതര്‍, അവിവാഹിതരായ അമ്മമാര്‍, സാമ്പത്തികമായി പിന്നാക്കവും നിലവില്‍ തൊഴില്‍രഹിതരുമായവർക്ക് മുന്‍ഗണന.

പരിശീലനത്തിലൂടെ തൊഴിലന്വേഷകരായ വനിതകള്‍ക്ക് സ്വന്തമായി യൂണിറ്റുകള്‍ ആരംഭിച്ച് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഭാവിയില്‍ സ്വയംപര്യാപ്തത നേടുന്നതിന് വേണ്ട സാഹചര്യം ഒരുക്കുന്നതിനുമാണ് വനിതാ വികസന കോര്‍പ്പറേഷന്‍ ലക്ഷ്യമിടുന്നത്. കോഴിക്കോട് ജില്ലയില്‍ ഏപ്രിലിൽ നടക്കുന്ന പരിശീലനത്തിന് തിരഞ്ഞെടുക്കപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ മേഖലാ ഓഫീസില്‍ മാര്‍ച്ച് 31നകം നൽകണം. അപേക്ഷകര്‍ വിദ്യാഭ്യാസ യോഗ്യതയുടെയും റേഷന്‍ കാര്‍ഡിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം വെക്കണം.

വിലാസം: മേഖലാ മാനേജര്‍, കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍, നിര്‍മ്മല്‍ ആര്‍ക്കേഡ് രണ്ടാംനില എരഞ്ഞിപ്പാലം, കോഴിക്കോട് പിന്‍ 673006. ഫോണ്‍ : 0495 2766454, 9496015010 ഇ-മെയിൽ: [email protected]