നഷ്ടമായത് കോൺഗ്രസ്സിൻ്റെ അമരക്കാരൻ; യു രാജിവൻ മാസ്റ്ററെ അനുസ്മരിക്കുന്നു


എസ്.കുമാർ കൊരയങ്ങാട്

കൊയിലാണ്ടി: വലതുപക്ഷ രാഷ്ട്രീയത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ കൊയിലാണ്ടിയിലെ അമരക്കാരനും സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ ഊർജ്ജസ്വലമായ വ്യക്തിത്വത്തിന്റെ ഉടമയുമായിരുന്നു യു രാജീവൻ മാസ്റ്റർ.കൊയിലാണ്ടിയുടെ വികസന രാഷ്ട്രീയത്തിൽ സങ്കുചിത കക്ഷിരാഷ്ടീയ ചിന്തകൾക്കതീതമായി ജനപക്ഷത്തിന്റെ ശബ്ദമായി മാറാൻ അണികളെ ജാഗരൂകരാക്കുന്നതിൽ കണിശക്കാരനായിരുന്നു ആ കർമ്മയോഗി. സംഘടനാപരമായ ഉത്തരവാദിത്വങ്ങളോടൊപ്പം നാടിന്റെ ജനമനസ്സുകളിലെ ഇഛകളെ കണ്ടറിഞ്ഞും കേട്ടറിഞ്ഞും അധികാരികളുടെ കാതുകളിലെത്തിക്കുന്നതിൽ അതീവ ശ്രദ്ധ പുലർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു.
രാഷ്ടീയ സദസ്സുകളിൽ പ്രതിപക്ഷ ബഹുമാനം പുലർത്തുന്നതിൽ സഹപ്രവർത്തകരായ മറ്റ് നേതാക്കളിൽ മുൻനിരയിൽ തന്നെയായിരുന്നു ആ വ്യക്തിത്വം. രാഷ്ടീയ രംഗത്തെന്ന പോലെ ഏത് മേഖലകളിലും സമാനമസ്കരും അല്ലാത്തവരുമായ വിശാലമായ സൗഹൃദവലയം അദ്ദേഹത്തിന് എന്നും കരുത്തായി മാറി. കൊടിയുടെ നിറം നോക്കാതെ നാടിന്റെ ദുരന്തമുഖങ്ങളിൽ ചുറു ചുറുക്കോടെ ഓടിയെത്താനുള്ള മനസ്സ് അദ്ദേഹത്തെ കൊയിലാണ്ടിയുടെ ജനപ്രിയ നേതാവാക്കി മാറ്റുന്നതിൽ ഏറെ മുതൽക്കൂട്ടായി.
കെ.എസ്.യുവിലൂടെ പൊതുരംഗത്തെത്തിയ രാജീവന്‍ പുളിയഞ്ചേരി സൗത്ത് എല്‍.പി. സ്‌കൂളിലെ അധ്യാപകനായിരിക്കെ സ്വയം വിരമിച്ച് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനാകുകയായിരുന്നു. സൗമ്യതയും സജീവതയും മുഖമുദ്രയാക്കിയാണ് സംഘടനംഗത്ത് കഴിവുതെളിയിച്ചത്. യൂത്ത് കോണ്‍ഗ്രസ് ജില്ല സെക്രട്ടറി, സംസ്ഥാന നിര്‍വഹാക സമിതി അംഗം, കൊയിലാണ്ടി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്, യു.ഡി.എഫ് കൊയിലാണ്ടി നിയോജക മണ്ഡലം ജനറല്‍ കണ്‍വീനര്‍, കെ.പി.സി.സി നിര്‍വാഹക സമിതി അംഗം, സംസ്ഥാന സഹകരണ ബാങ്ക്, ജില്ലാ സഹകരണബാങ്ക് എന്നിവയുടെ എക്സിക്യുട്ടീവ് ഡയറക്ടര്‍, പിഷാരികാവ് ദേവസ്വം മുന്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍, കൊയിലാണ്ടി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.
ഉണിത്രാട്ടില്‍ പരേതായ കുഞ്ഞിരാമന്‍ നായരുടെയും ലക്ഷ്മിയമ്മയുടെയും മകനായ രാജീവൻ മാസ്റ്റർ. കെ.പി.സി.സി നിര്‍വ്വാഹക സമിതി അംഗം,കൊയിലാണ്ടി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നി നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു യൂ.രാജീവന്‍. രണ്ടു തവണ കൊയിലാണ്ടി നഗരസഭ കൗണ്‍സിലറായിരുന്നു.
 കോണ്‍ഗ്രസ്സിന്റെ ജില്ലയിലെ പ്രമുഖ നേതാക്കളില്‍ ഒരാളായിരുന്നു യൂ.രാജീവന്‍. ലോക്‌സഭ,നിയമ സഭാ തിരഞ്ഞെടുപ്പുകളില്‍ യൂ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനായും,കണ്‍വീനറായും നിരവധി തവണ പ്രവര്‍ത്തിച്ചു. വടകര ലോക്‌സഭാ യൂ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ കണ്‍വീനറെന്ന നിലയില്‍ നിരവധി തവണ പ്രവര്‍ത്തിച്ചു. കൊയിലാണ്ടി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ വളര്‍ച്ചയിലും നിര്‍ണ്ണായക പങ്ക് വഹിച്ചു. ബാങ്കിന്റെ ശാഖകള്‍ വിവിധയിടങ്ങളില്‍ സ്ഥാപിക്കാനും മുന്‍കൈ എടുത്തു.കൊയിലാണ്ടി നഗരസഭ കൗണ്‍സിലറായും രണ്ടു തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കെ.ദാസന്‍ ചെയര്‍മാനായിരിക്കെ സ്ഥിരം സമിതി അധ്യക്ഷനായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
.