”സകല കുത്തിത്തിരിപ്പുകാരോടും ഒന്ന് മാത്രം, പണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് മാത്രം” നിപ പ്രതിരോധത്തില്‍ മുഹമ്മദ് റിയാസിനെതിരെ ഉയരുന്ന വിമര്‍ശങ്ങള്‍ക്ക് മറുപടിയുമായി എസ്.കെ.സജീഷ്


പേരാമ്പ്ര: കോഴിക്കോട് ജില്ലയിലെ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നേതൃനിരയില്‍ നിന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രവര്‍ത്തിക്കുന്നതിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഡി.വൈ.എഫ്.ഐ നേതാവ് എസ്.കെ.സജീഷ്. നിപയെ പ്രതിരോധിക്കാന്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നവര്‍ ഒറ്റപ്പെടുമെന്നുമാണ് സജീഷ് ഫേസ്ബുക്കിലൂടെ അഭിപ്രായപ്പെട്ടത്.

സംഘടനാ പ്രവര്‍ത്തനത്തിലൂടെ കോഴിക്കോടിന്റെ മുക്കും മൂലയും അറിഞ്ഞുപ്രവര്‍ത്തിച്ച അനുഭവം മുഹമ്മദ് റിയാസിന് കൈമുതലായുണ്ട്. ആരോഗ്യമന്ത്രി എന്ന നിലയില്‍ സ്വന്തം അനുഭവവും മുന്‍ അനുഭവമുള്ള ആരോഗ്യ പ്രവര്‍ത്തകരെ ഏകോപിപ്പിച്ചുമാണ് മന്ത്രി വീണാ ജോര്‍ജ്ജ് പ്രവര്‍ത്തിക്കുന്നത്. ഒറ്റക്കെട്ടായി നടക്കുന്ന ഈ പ്രവര്‍ത്തനം വിജയകരമായി തന്നെ മുന്നോട്ട് നീങ്ങുന്നതില്‍ അസഹിഷ്ണുതയുള്ള ചില ദുഷ്ടബുദ്ധികളാണ് മുഹമ്മദ് റിയാസിനെതിരായ ആക്രമണങ്ങള്‍ക്ക് പിന്നിലെന്നും എസ്.കെ.സജീഷ് കുറ്റപ്പെടുത്തുന്നു.

”സകല കുത്തിതിരിപ്പുകാരോടും ഒന്ന് മാത്രം പണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് മാത്രം ”ഞങ്ങളെ വിമര്‍ശിക്കുന്നവര്‍ ആവഴിക്ക് പോകും ഞങ്ങള്‍ ജനങ്ങള്‍ക്കൊപ്പമാണ് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ആണ് ഞങ്ങളുടെ പ്രശ്‌നം അത് പരിഹരിക്കാന്‍ ചുമതല ഏറ്റവരാണ് ഞങ്ങള്‍. ആ ചുമതല ഞങ്ങള്‍ നിര്‍വഹിക്കുക തന്നെ ചെയ്യും.” എന്നു പറഞ്ഞുകൊണ്ടാണ് സജീഷ് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

സജീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

നിപ വൈറസിന്റെ സാന്നിധ്യം ശ്രദ്ധയില്‍ പെട്ടതോടെ അതീവ ജാഗ്രതയില്‍ ആരോഗ്യപ്രവത്തകരും സന്നദ്ധപ്രവര്‍ത്തകരും സര്‍ക്കാര്‍ സംവിധാനങ്ങളും മുന്നോട്ട് പോവുകയാണ്.
ഒറ്റക്കെട്ടായി ജനങ്ങളെയും സംവിധാനങ്ങളെയും ഏകോപിപ്പിച്ചു മാത്രമേ നമുക്ക് ഈ സാഹചര്യത്തെ മറികടക്കാന്‍ കഴിയൂ.

നിപ ആദ്യകേസില്‍ തന്നെ കണ്ടെത്തിയത് മുതല്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജും കോഴിക്കോട് ജില്ലയുടെ ചുമതലയുള്ള മന്ത്രി മുഹമ്മദ് റിയാസും ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ്. ജില്ലയിലെ മുഴുവന്‍ പ്രദേശങ്ങളുമായി വ്യക്തിപരമായ അടുപ്പം സംഘടനാപ്രവര്‍ത്തനത്തിലൂടെ നേടിയ ആനുഭവം പ്രയോജനപ്പെടുത്തി മന്ത്രി മുഹമ്മദ് റിയാസ് ഈ ഏകോപന പ്രവത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

ആരോഗ്യമന്ത്രി എന്ന നിലയില്‍ സ്വന്തം അനുഭവവും മുന്‍ അനുഭവമുള്ള ആരോഗ്യ പ്രവര്‍ത്തകരെ ഏകോപിപ്പിച്ചും മന്ത്രി വീണ ജോര്‍ജും നേതൃത്വം നല്‍കുന്നു. കോഴിക്കോട് ചേര്‍ന്ന സര്‍വകക്ഷി യോഗം ഈ പ്രവര്‍ത്തനത്തെ ഒറ്റക്കെട്ടായി അഭിനന്ദിച്ചതുമാണ്.

ഒറ്റക്കെട്ടായി നടക്കുന്ന ഈ പ്രവര്‍ത്തനം വിജയകരമായി തന്നെ മുന്നോട്ട് നീങ്ങുമ്പോള്‍ ചില ദുഷ്ട ബുദ്ധികള്‍ക്ക് അത് സഹിക്കുന്നില്ല, നേതൃത്വത്തെ തകര്‍ക്കുക ഒറ്റതിരിഞ്ഞ് ആക്രമിക്കുക എന്ന സ്വതസിദ്ധമായ ശൈലി പുറത്തെടുത്തിരിക്കുകയാണ് അവരും അവരുടെ വാലാട്ടികളും.

കോഴിക്കോടിന്റെ മുക്കും മൂലയും അറിഞ്ഞുപ്രവര്‍ത്തിച്ച അനുഭവം മന്ത്രി മുഹമ്മദ് റിയാസിനും 2021ല്‍ നിപ പ്രതിരോധത്തിന് നേതൃത്വം നല്‍കിയ അനുഭവം മന്ത്രി വീണ ജോര്‍ജിനും കൈമുതലായുണ്ട് കൂടെ മ്മള് കോയിക്കോട്ടുകാരും.

കോഴിക്കോടിന്റെ ചുമതലയുള്ള മന്ത്രി മുഹമ്മദ് റിയാസ് അന്ന് മുതല്‍ നേതൃത്വത്തില്‍ വന്നപ്പോള്‍ ചില ദുഷ്ടബുദ്ധികള്‍ അതിനെ കുറ്റം പറഞ്ഞു. മന്ത്രി അപ്പോള്‍ വന്നില്ലായിരുന്നെങ്കില്‍ അവര്‍ അതിലും വലിയ കുറ്റങ്ങള്‍ കണ്ടെത്തിയേനെ… സകല കുത്തിതിരിപ്പുകാരോടും ഒന്ന് മാത്രം പണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് മാത്രം ”ഞങ്ങളെ വിമര്‍ശിക്കുന്നവര്‍ ആവഴിക്ക് പോകും ഞങ്ങള്‍ ജനങ്ങള്‍ക്കൊപ്പമാണ് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ആണ് ഞങ്ങളുടെ പ്രശ്‌നം അത് പരിഹരിക്കാന്‍ ചുമതല ഏറ്റവരാണ് ഞങ്ങള്‍. ആ ചുമതല ഞങ്ങള്‍ നിര്‍വഹിക്കുക തന്നെ ചെയ്യും.