സീതാറാം യെച്ചൂരി സിപിഎം ജനറല്‍ സെക്രട്ടറിയായി തുടരും; യെച്ചൂരിയുടേത് ഇത് മൂന്നാമൂഴം


 

കണ്ണൂര്‍: സിപിഎം ജനറല്‍ സെക്രട്ടറിയായി സീതാറാം യച്ചൂരിക്ക് മൂന്നാമൂഴം. അഞ്ചുദിവസമായി കണ്ണൂരില്‍ നടന്ന സിപിഎം ഇരുപത്തിമൂന്നാം പാര്‍ടി കോണ്‍ഗ്രസ് തെരഞ്ഞെടുത്ത 85 അംഗ കേന്ദ്രകമ്മിറ്റി ആദ്യയോഗം ചേര്‍ന്നാണ് യെച്ചൂരിയെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. മൂന്നാം തവണയാണ് യെച്ചൂരി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്‌. വിശാഖപട്ടണത്ത് 2015 ല്‍ചേര്‍ന്ന പാര്‍ട്ടി കോണ്‍ഗ്രസിലാണ് യെച്ചൂരി ആദ്യമായി സെക്രട്ടറിയായത്.

85 അംഗ കേന്ദ്ര കമ്മിറ്റിയിൽ 17 പേർ പുതുമുഖങ്ങളാണ്‌. കമ്മിറ്റിയിൽ 15 പേർ വനിതകളാണ്‌. കേരളത്തിൽ നിന്ന്‌ നാല്‌ പുതുമുഖങ്ങളാണുള്ളത്‌. പി രാജീവ്‌, കെ എൻ ബാലഗോപാൽ, പി സതീദേവി, സി എസ്‌ സുജാത എന്നിവർ കമ്മിറ്റിയിലെത്തി.

ബിജെപിയെ ചെറുക്കാന്‍ ദേശീയ തലത്തില്‍ ഇടതുപക്ഷത്തെ ശക്തമാക്കാനും മതേതര പാര്‍ട്ടികളുടെ സഖ്യം രൂപീകരിക്കാനും പാര്‍ട്ടി ലക്ഷ്യമിടുമ്പോള്‍ യച്ചൂരിയുടെ പേരിനായിരുന്നു നേതൃസ്ഥാനത്തേക്കുള്ള പ്രഥമ പരിഗണന. പാര്‍ട്ടി ദേശീയ തലത്തില്‍ ദുര്‍ബലപ്പെടുമ്പോള്‍, പഴയ പ്രതാപത്തിലേക്കു പാര്‍ട്ടിയെ കൊണ്ടുവരികയെന്ന ശ്രമകരമായ ദൗത്യമാണ് യച്ചൂരിയുടെ മുന്നിലുള്ളത്.

1952ലാണ് സീതാറാം യെച്ചൂരിയുടെ ജനനം. കലുഷിതമായ തെലങ്കാന മുന്നേറ്റമുണ്ടായ അറുപതുകളുടെ അവസാനത്തോടെ ദില്ലിയിലേക്ക് മാറിയത് ജീവിതത്തില്‍ നിര്‍ണായകമായി. പഠനകാലത്ത് സി ബി എസ് ഇ ഹയര്‍സെക്കന്ററി തലത്തില്‍ അഖിലേന്ത്യയില്‍ ഒന്നാം റാങ്ക് നേടിയിട്ടുണ്ട് സീതാറാം യെച്ചൂരി. സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് ബിരുദവും ജെഎന്‍യു സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി.

ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ ബിരുദാനന്തരബിരുദ വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് രാഷ്ട്രീയത്തില്‍ യച്ചൂരി സജീവമാകുന്നത്. പ്രകാശ് കാരാട്ടിനായി വോട്ടുപിടിക്കാനായിരുന്നു യച്ചൂരിയുടെ ആദ്യ രാഷ്ട്രീയ പ്രസംഗം. കാരാട്ടിനെ ജെഎന്‍യു സര്‍വകലാശാലാ യൂണിയന്‍ അധ്യക്ഷനായി ജയിപ്പിച്ചശേഷമാണു യച്ചൂരി എസ്എഫ്ഐയില്‍ ചേര്‍ന്നത്. എസ്എഫ്‌ഐയുടെ ദേശീയ പ്രസിഡന്റാവുന്നത് 1984ല്‍. മൂന്നു തവണ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം അടിയന്തരാവസ്ഥക്കാലത്ത് ജയിലിലും കഴിഞ്ഞു.

Also Read- കൊയിലാണ്ടിയില്‍ ഇലട്രിക്ക് ലൈനില്‍ മരം പൊട്ടിവീണു

പിന്നീട് 1988ല്‍ തിരുവനന്തപുരത്തെ പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര കമ്മിറ്റിയിലെത്തി (സിസി). യച്ചൂരിക്ക് ഒപ്പം അന്ന് എസ്.രാമചന്ദ്രന്‍പിള്ളയും അനില്‍ ബിശ്വാസും സിസിയിലെത്തി. 1992ല്‍ കാരാട്ടിനും എസ്.രാമചന്ദ്രന്‍ പിള്ളയ്ക്കുമൊപ്പം പൊളിറ്റ്ബ്യൂറോയില്‍ (പിബി) യച്ചൂരി അംഗമാകുമ്പോള്‍ വയസ്സ് 38. പിബിയിലെ ഏറ്റവും കുറഞ്ഞ പ്രായം. ഭാഷാപ്രാവീണ്യവും പ്രസന്നമായ മുഖവും പാര്‍ട്ടിയില്‍ യച്ചൂരിയുടെ പ്രത്യേകതയാണ്. 2004ല്‍ ഒന്നാം യുപിഎ സര്‍ക്കാരിന്റെ രൂപീകരണത്തിലും സുര്‍ജിത്തിനൊപ്പം പ്രധാന പങ്കുവഹിച്ചു. യുപിഎ സര്‍ക്കാരിന്റെ പൊതുമിനിമം പരിപാടിക്കു രൂപംനല്‍കിയ സമിതിയിലെ സിപിഎം പ്രതിനിധിയായിരുന്നു. ആണവകരാര്‍ വിഷയത്തില്‍ സര്‍ക്കാരും ഇടതുപക്ഷപാര്‍ട്ടികളും തമ്മില്‍ രൂപീകരിച്ച ഏകോപനസമിതിയില്‍ പ്രകാശ് കാരാട്ടിനൊപ്പം യച്ചൂരിയും അംഗമായി.

Also Read- നന്തി ശ്രീശൈലം കുന്നില്‍ വീണ്ടും മതിലിടിഞ്ഞു, മണ്ണും വെള്ളവും റോഡിലേക്ക് ഒഴുകിയെത്തി; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

ഇന്ന് പകല്‍ മൂന്നിന് ബര്‍ണശേരി നായനാര്‍ അക്കാദമിയില്‍നിന്ന് റെഡ് വളന്റിയര്‍ മാര്‍ച്ചിന്റെ അകമ്പടിയില്‍ പൊളിറ്റ്ബ്യൂറോ, കേന്ദ്ര കമ്മിറ്റി അംഗങ്ങളും പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധികളും പൊതുസമ്മേളന വേദിയായ എ.കെ.ജി നഗറിലേക്ക് നീങ്ങും. ജില്ലയിലെ 25,000 റെഡ് വളന്റിയര്‍മാരില്‍ നിന്ന് തെരഞ്ഞെടുത്ത 2000 പേരാണ് മാര്‍ച്ച് ചെയ്യുക. ഇതില്‍ 1000 വനിതകളാണ്.

എ കെ ജി നഗറിനകത്ത് പ്രവേശിക്കാന്‍ കഴിയാത്തവര്‍ക്ക് പൊതുസമ്മേളനവും റാലിയും വീക്ഷിക്കാന്‍ നഗരത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ ബിഗ് സ്‌ക്രീനുകള്‍ സജ്ജമാക്കിയിട്ടുണ്ട്. വൈകിട്ട് അഞ്ചിന് നടക്കുന്ന പൊതുസമ്മേളനത്തില്‍ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രന്‍പിള്ള, പിണറായി വിജയന്‍, മണിക് സര്‍ക്കാര്‍, ബൃന്ദ കാരാട്ട്, കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി എന്നിവര്‍ സംസാരിക്കും.