ഷുക്കൂര്‍ വക്കീലും ഷീനയും രണ്ടാമതും വിവാഹിതരായി; പുതിയ മാറ്റത്തിന് തുടക്കം കുറിച്ചതില്‍ അഭിമാനമെന്ന് മകള്‍
കാഞ്ഞങ്ങാട്: അഡ്വ.സി.ഷുക്കൂറും ഡോ. ഷീനയും സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വീണ്ടും വിവാഹിതരായി. ബുധനാഴ്ച രാവിലെ 10.15ന് മക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്.
പുതിയ മാറ്റത്തിന് തുടക്കം കുറിച്ചതില്‍ അഭിമാനമുണ്ടെന്നും ഈ വിവാഹത്തിന് സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്നും മകള്‍ ജാസ്മിന്‍ പറഞ്ഞു. മുസ്ലീം ആചാര പ്രകാരം പിതാവിന്റെ കാലശേഷം സ്വത്തുക്കള്‍ പൂര്‍ണമായും പെണ്‍മക്കള്‍ക്ക് ലഭിക്കില്ല. മുസ്ലീം പെണ്‍കുട്ടികളായതിനാല്‍ നേരിടേണ്ടി വരുന്ന വിവേചനം ഒഴിവാക്കാനാണ് ഇരുവരും മതാചാര പ്രകാരം വിവാഹിതരായതിനു പുറമേ വീണ്ടും വിവാഹിതരായത്.
1994ലായിരുന്നു മതാചാരപ്രകാരം ഷുക്കൂറും ഡോ.ഷീനയും വിവാഹിതരായത്. അറിയപ്പെടുന്ന സിനിമാതാരം കൂടിയാണ് ഷുക്കൂര്‍ വക്കീല്‍. എം.ജി.സര്‍വകലാശാല മുന്‍ പ്രോ വൈസ് ചാന്‍സലറും കണ്ണൂര്‍ സര്‍വകലാശാല നിയമവകുപ്പ് മേധാവിയുമാണ് ഡോ. ഷീന ഷുക്കൂര്‍. ഇരുവര്‍ക്കും മൂന്ന് പെണ്‍മക്കളാണുള്ളത്.
മക്കളായ ഖദീജ ജാസ്മിന്‍, ഫാത്തിമ ജെബിന്‍, ഫാത്തിമ ജെസ എന്നിവര്‍ വിവാഹ ചടങ്ങില്‍ സന്നിഹിതരായിരുന്നു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.വി.രമേശന്‍, സഹോദരന്റെ ഭാര്യ ഷാക്കിറ, കോഴിക്കോട് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ സജീവ് എന്നിവരായിരുന്നു സാക്ഷികള്‍.
വിവാഹം കാണാന്‍ വി.പി.പി.മുസ്തഫ, നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.വി.സുജാത, അഡ്വ പി.അപ്പുക്കുട്ടന്‍, മഹമ്മൂദ് മുറിയനാവി, മുഹമ്മദ് ഹനീഫ, അഡ്വ എം.ആശാലത തുടങ്ങിയവരെല്ലാം എത്തിയിരുന്നു.