ഷുക്കൂര്‍ തോറ്റ വക്കീലല്ല, ജയിച്ച വക്കീലാണ്; തോക്കേന്തി കുട്ടിപ്പട്ടാളത്തിന് കാവലായി പോയ ടൈഗർ സമീറിന് നീതി നേടിക്കൊടുത്ത് ‘ന്നാ താൻ കേസ് കൊട്’ സിനിമയിലെ ഷുക്കൂര്‍ വക്കീല്‍


കാസര്‍കോട്: സിനിമയിൽ തോറ്റ വക്കീല്‍ ജീവിതത്തിൽ പുഷ്പം പോലെ വിജയിച്ചിരിക്കുകയാണ്. ‘ന്നാ താൻ കേസ് കൊട്’ സിനിമയില്‍ ഷുക്കൂര്‍ വക്കീലായി വന്ന് മലയാളി സിനിമാസ്വാദകരുടെ മനസ്സില്‍ ഇടം നേടിയ ഷുക്കൂര്‍ വക്കീലാണ് യഥാര്‍ഥ ജീവിതത്തില്‍ വക്കീല്‍ കുപ്പായമണിഞ്ഞ് ബേക്കൽ ഹദാദ് നഗറിലെ ടൈഗർ സമീറിനു നീതി നേടി കൊടുത്തത്.

തെരുവുനായ ശല്യം കാരണം കുട്ടികളെ മദ്രസയിൽ വിടാനായി തോക്കുമായി മുന്നിൽ പോകുന്ന സമീറിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ഏറ്റെടുത്തിരുന്നു. വീഡിയോയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് കലാപം ഉണ്ടാക്കാൻ ശ്രമിച്ചു എന്ന കുറ്റം ചുമത്തി സമീറിന്റെ എയർ ഗണ്ണും മൊബൈലും കസ്റ്റഡിയിൽ എടുത്തു. എന്നാൽ ലൈസൻസ് ആവശ്യമില്ലാത്ത എയർ ഗൺ പൊലീസ് അന്യായമായി പിടിച്ചുവച്ചിരിക്കുകയാണ് എന്നു കാണിച്ച് ഷുക്കൂർ വക്കീൽ മുഖാന്തരം സമീർ കോടതിയെ സമീപിക്കുകയും കേസ് പരിഗണിച്ച കോടതി, മൊബൈൽ ഫോണും എയർ ഗണ്ണും തിരിച്ചുകൊടുക്കാൻ ഉത്തരവിടുകയായിരുന്നു.

തെരുവുനായ ആക്രമണത്തെ ഭയന്ന് റോഡിലിറങ്ങാന്‍ മടിച്ച കുട്ടികളെ മദ്രസയിൽ സുരക്ഷിതമായി എന്ന ലക്ഷ്യം മാത്രമേ തനിക്കുണ്ടായിരുന്നുള്ളൂ എന്നാണ് വൈറല്‍ വീഡിയോയെ കുറിച്ച് സമീര്‍ പറയുന്നത്. തോക്കും ഫോണും തിരികെ ലഭിച്ചെങ്കിലും നായശല്യത്തിനു പരിഹാരമാകാത്തതിൽ സമീര്‍ ഇപ്പോഴും സങ്കടത്തിലാണ്.

കാസർകോട് സ്വദേശിയായ സി. ഷുക്കൂറിന്റെ ആദ്യ സിനിമയായിരുന്നു ‘ന്നാ താൻ കേസ് കൊട്’. കണ്ണൂർ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ ലോ വിഭാഗം മേധാവിയും കണ്ണൂർ യൂണിവേഴ്സിറ്റിയുടെ മഞ്ചേശ്വരം ക്യാപംസ് ഡയറക്ടറുമായ അഡ്വ. ഷീനാ ഷുക്കൂറാണ് ഭാര്യ. സുപ്രീം കോടതിയിൽ ജസ്റ്റിസ് രാമസുബ്രഹ്മണ്യത്തിന്റെ ലോ ക്ലാർക്ക് ജാസ്മിൻ, ഇംഗ്ലിഷ് ലിറ്ററേച്ചർ, മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം പൂർത്തിയാക്കിയ ജെബിൻ, ഒൻപതാം ക്ലാസ് വിദ്യാർഥി ജെസാഹ് എന്നിവരാണ് മക്കൾ.