വെണ്ണ കട്ട് തിന്നുന്ന കണ്ണനും, സഞ്ജീവി മലയുമായി പറക്കുന്ന ഹനുമാനും,ഗോപികമാരോട് കുസൃതി കാട്ടുന്ന കൃഷ്ണനും, രാമനും സീതയും; മഹാശോഭയിൽ കൊയിലാണ്ടിയിലെ വീഥികൾ; ശ്രീകൃഷ്ണജയന്തി ശോഭായാത്രയിൽ നിന്നുള്ള മനോഹരമായ മുഹൂർത്തങ്ങൾ കാണാം


കൊയിലാണ്ടി: കൊയിലാണ്ടിയിലെ വീഥികൾക്ക് ഇന്നലെ മഹാശോഭായായിരുന്നു. പേമാരിയും മഹാമാരിയും കവർന്നെടുത്ത നാളുകൾക്കു ശേഷം വീണ്ടും കൃഷ്ണന്മാരും ഗോപികമാരും ഒത്തുകൂടിയ നാളുകൾ. അമ്മമാരുടെ ഒക്കത്തിരുന്നും, നടന്നു മടുത്ത് ഇനി ഒരിഞ്ചു നീങ്ങില്ല എന്ന മട്ടിൽ റോഡിലിരുന്നും, വെണ്ണ കട്ടും, ഗോപികമാരോട് കളിചിരികൾ പറഞ്ഞു രസിച്ചും അനവധി കൃഷ്ണന്മാരാണ് ഇന്നലെ ശോഭായാത്രയ്ക്ക് എത്തിയത്. യാത്രയിൽ പങ്കെടുക്കുവാൻ ഏറെ ഉത്സാഹത്തോടെ എല്ലാ പ്രായക്കാരുമെത്തിയിരുന്നു.

പന്തലായനി, ചെറിയ മങ്ങാട്, വിരുന്നുകണ്ടി, മനയിടത്ത് പറമ്പ് ,പെരുവട്ടൂർ, കോതമംഗലം, കുറുവങ്ങാട്, കണയങ്കോട് തുടങ്ങിയ കേന്ദ്രങ്ങളിൽ നിന്നും ആരംഭിച്ച ചെറു ശോഭായാത്രകൾ കൊരയങ്ങാട് സംഗമിച്ച ശേഷം കൊയിലാണ്ടി സ്പോപോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ എത്തിയാണ് സമാപിച്ചത്. ബാലഗോകുലത്തിൻ്റെ ആഭിമുഖ്യത്തിലാണ് ശ്രീകൃഷ്ണന്റെ ജൻമദിനം ആഘോഷിച്ചത്.

ഇതുകൂടാതെ സഞ്ജീവി മലയുമായി പറക്കുന്ന ഹനുമാനും, നൃത്തം ചെയ്യുന്ന ഗോപികമാരും, രാമനും സീതയും, താമരക്കണ്ണനും ശോഭായാത്രക്ക് മാറ്റേകി. കണ്ണിൽ നിറയെ കുസൃതി ഒളിപ്പിച്ച് അടുത്ത വർഷം വീണ്ടും എത്താമെന്ന പ്രതീക്ഷയോടെയാണ് ശ്രീകൃഷ്ണന്മാരും കൂട്ടരും പിരിഞ്ഞത്. കുസൃതികളേയും ലീലാവിലാസങ്ങളേയും അനുസ്മരിപ്പിക്കുന്ന വൈവിധ്യമാർന്ന നിശ്ചല ദൃശ്യങ്ങളും വിസ്മയമുളവാക്കി.

 

ജോണി എംപീസിന്റെ ക്യാമറ കണ്ണിൽ വിരിഞ്ഞ ചിത്രങ്ങൾ കാണാം: