ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് കാറുകള്‍ കസ്റ്റഡിയില്‍; പിടിച്ചെടുത്തവയില്‍ ഇര്‍ഷാദിനെ പുറക്കാട്ടിരിയിലെ പാലത്തിനടുത്തേക്ക് കൊണ്ടുവന്ന കാറും


പേരാമ്പ്ര: പന്തിരിക്കര സൂപ്പിക്കടയിലെ ഇര്‍ഷാദിനെ സ്വര്‍ണക്കടത്തുസംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് കാറുകള്‍ പോലീസ് പിടികൂടി. പുറക്കാട്ടിരി പാലത്തിന് സമീപത്തേക്ക് ഇര്‍ഷാദിനെ അവസാനമായി കൊണ്ടുവന്ന കാറാണ് പിടിച്ചെടുത്തതില്‍ ഒന്ന്.

ഇര്‍ഷാദിനെ തടങ്കലില്‍ വെച്ചിരുന്ന സമയത്ത് യാത്രയ്ക്കുപയോഗിച്ച കാറുകളാണിതെന്ന് പൊലീസ് പറഞ്ഞു. ഇതോടെ കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത വാഹനങ്ങളുടെ എണ്ണം മൂന്നായി.

ഇര്‍ഷാദിനെ പുറക്കാട്ടിരി പാലത്തിന് സമീപത്ത് എത്തിച്ചപ്പോള്‍ കൂടെയുണ്ടായിരുന്ന വയനാട് വൈത്തിരി കൊടുങ്ങയിപ്പറമ്പില്‍ മിസ്ഫര്‍ (28), മേപ്പാടി റിപ്പണ്‍ പാലക്കണ്ടി ഷാനവാസ് (32), കോഴിക്കോട് കൊടുവള്ളി കളത്തിങ്കല്‍ ഇര്‍ഷാദ് (37) എന്നിവരെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍നിന്ന് ലഭിച്ച വിവരമനുസരിച്ചാണ് കാറുകള്‍ കണ്ടെടുത്തത്.

ഇര്‍ഷാദിനെ വൈത്തിരിയിലെ ലോഡ്ജില്‍ നിന്ന് കടത്തികൊണ്ടുപോകാന്‍ ഉപയോഗിച്ച ജീപ്പ് ആദ്യം തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. ഈ ജീപ്പില്‍ ഇര്‍ഷാദിനെ തട്ടിക്കൊണ്ട് പോകുന്നതിന് മുമ്പ് മുഖ്യപ്രതി കൈതപ്പൊയില്‍ സ്വദേശി മുഹമ്മദ് സ്വാലിഹ് പന്തിരിക്കര ഭാഗത്തേക്ക് മര്‍സീദിനൊപ്പം എത്തുകയും ചെയ്തതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

മുഹമ്മദ് സ്വാലിഹ് ദുബായില്‍ നിന്ന് കൊടുത്തുവിട്ട സ്വര്‍ണം മാറി നല്‍കിയതിനെത്തുടര്‍ന്നാണ് സ്വര്‍ണക്കടത്തുസംഘം ക്വട്ടേഷന്‍ നല്‍കി ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയത്. മെയ് 13നാണ് ഇര്‍ഷാദ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവുമായി ഇറങ്ങിയത്. ഇര്‍ഷാദില്‍ നിന്നും ഷമീറാണ് ഈ സ്വര്‍ണം ഏറ്റുവാങ്ങിയത്.

ഇത് ഇവര്‍ പാനൂരിലെ സ്വര്‍ണക്കടയില്‍ നല്‍കി പണം കൈപ്പറ്റുകയായിരുന്നു. സ്വാലിഹിന്റെ സംഘം തിരഞ്ഞുവരാതിരിക്കാന്‍ ഷമീര്‍ വൈത്തിരിയിലെ ലോഡ്ജില്‍ ഇര്‍ഷാദിനെ താമസിപ്പിക്കുകയും ചെയ്തു. ചെലവിന് ഷമീറും നിജാസും ഗൂഗിള്‍ പേ വഴി ഇടയ്ക്കിടെ പണം അയച്ചുകൊടുത്തതിന് തെളിവുണ്ടെന്ന് ഇര്‍ഷാദിന്റെ സഹോദരന്‍ പറഞ്ഞിരുന്നു. ഇവിടെ നിന്നാണ് ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോകുന്നത്.

ജൂലൈ പതിനേഴിന് രാവിലെയാണ് തിക്കോടി കോടിക്കല്‍ ബീച്ചില്‍ ഇര്‍ഷാദിന്റെ മൃതദേഹം കണ്ടെത്തിയത്. മേപ്പയ്യൂര്‍ സ്വദേശി ദീപക്കിന്റേതെന്ന് ധരിച്ച് സംസ്‌കരിച്ച മൃതദേഹം ഡി.എന്‍.എ പരിശോധനയിലൂടെയാണ് ഇര്‍ഷാദിന്റേതാണെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് കൊലപാതകത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചത്.