‘മുരളീധരനോട് ശക്തമായ രീതിയില്‍ മറുപടി പറയണമെന്നുണ്ട്, പക്ഷേ ഭാവിയില്‍ അദ്ദേഹത്തെ മുരളിജി എന്ന് വിളിക്കേണ്ടി വന്നാലോ?’ പത്മജയ്‌ക്കെതിരെ മുരളീധരന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി ശോഭാ സുരേന്ദ്രന്‍


വടകര: ബി.ജെ.പിയില്‍ ചേര്‍ന്ന പത്മജ വേണുഗോപാലിനെ തള്ളിപ്പറഞ്ഞ കെ.മുരളീധരന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍. മുരളീധരന്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് ശക്തമായ രീതിയില്‍ മറുപടി നല്‍കാനറിയാം. ‘എന്നാല്‍ അങ്ങനെ പറയാത്തതിന്റെ കാരണം കുറച്ചുനാള്‍ കഴിഞ്ഞാല്‍ അദ്ദേഹത്തെ ‘മുരളിജി’ എന്ന് വിളിക്കേണ്ടിവന്നാലോ ‘ എന്നും ശോഭാ സുരേന്ദ്രന്‍ ചോദിച്ചു.

കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളില്‍ പത്മജയെ മത്സരിപ്പിച്ചിട്ടും അവര്‍ക്ക് ജയിക്കാന്‍ കഴിഞ്ഞിട്ടില്ല, അങ്ങനെയുള്ള ഒരാള്‍ ബി.ജെ.പിയിലേക്ക് പോയാല്‍ ഒരു വോട്ടുപോലും കിട്ടില്ലെന്നായിരുന്നു മുരളീധരന്റെ പ്രസ്താവന. ഇതിനോട് പ്രതികരിക്കുകയായിരുന്നു അവര്‍. ബി.ജെ.പിയിലേക്ക് മുരളീധരന്‍ കൂടി കടന്നുവന്നേക്കാന്‍ സാധ്യതയുള്ള സാഹചര്യമാണ് ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഇന്നുള്ളത്. ബി.ജെ.പിക്ക് അകത്തേക്കാണ് ആളുകള്‍ മുഴുവന്‍ വന്നുകൊണ്ടിരിക്കുന്നതെന്നും ശോഭ പറഞ്ഞു.

കെ.കരുണാകരന്‍ ജീവിച്ചിരിക്കുന്ന കാലത്ത് അദ്ദേഹത്തിന്റെ താല്‍പര്യമില്ലാതെ മറ്റൊരു പാര്‍ട്ടി രൂപീകരിച്ച് ഡി.എൈ.സി പ്രസ്ഥാനമുണ്ടാക്കിയപ്പോള്‍ മാധ്യമങ്ങളോടും പൊതുസമൂഹത്തോളം പറഞ്ഞത് കരുണാകരന്‍ അച്ഛനാണെന്ന് പറയാന്‍ പോലും ലജ്ജതോന്നുന്നുവെന്നാണ്. രാഷ്ട്രീയത്തിന്റെ മുന്നോട്ടുപോക്കിനുവേണ്ടി പലതരത്തിലുള്ള നിലപാടുകളും സ്വീകരിച്ചിട്ടുള്ള ആളാണ് മുരളീധരനെന്നും ശോഭ പറഞ്ഞു.