പന്തലായനി കാട്ടുവയല്‍ റോഡില്‍ കല്‍വേര്‍ട്ട് ബോക്‌സ് നിര്‍മ്മിക്കാന്‍ ആവശ്യമായ എല്ലാ നടപടികളുമുണ്ടാകുമെന്ന് ഷാഫി പറമ്പില്‍; ജനകീയ സമരപ്പന്തലിലെത്തി എം.പി
കൊയിലാണ്ടി: ദേശീയപാത കടന്നുപോകുന്ന പന്തലായനി കാട്ടുവയല്‍ റോഡ് അണ്ടര്‍പാസ് നിര്‍മിക്കണമെന്ന് ആവിശ്യപെട്ടുകൊണ്ട് പ്രദേശത്തെ ജനങ്ങള്‍ നടത്തുന്ന ജനകീയ സമരപ്പന്തലിലേക്ക് ഷാഫി പറമ്പില്‍ എം.പി എത്തിയത് സമരക്കാര്‍ക്ക് ആവേശമായി. പ്രദേശവാസികളുടെ സമരം ന്യായമാണെന്ന് ബോധ്യപ്പെടുകയും അതിന്റെ ഭാഗമായി നാഷണല്‍ ഹൈവേ ഉദ്യോഗസ്ഥരോട് ചര്‍ച്ച നടത്തുകയും ചെയ്തു.
പന്തലായനി കാട്ടുവയല്‍ റോഡില്‍ കല്‍വേര്‍ട്ട് ബോക്‌സ് നിര്‍മിക്കാന്‍ ആവശ്യമായ സാഹചര്യം ഉണ്ട് എന്ന് ബോധ്യപ്പെട്ട ഷാഫി പറമ്പില്‍ ഇതിന് ആവശ്യമായ എല്ലാ നടപടികളും തന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പുനല്‍കി.
പന്തലായനി പ്രദേശത്തെ വിദ്യാലയത്തിലേക്കും, താലൂക്ക് ആശുപത്രിയിലേക്കും റെയില്‍വേസ്റ്റേഷന്‍, പന്തലായനി ആഘോരശിവക്ഷേത്രം, മിനി സിവില്‍ സ്റ്റേഷന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ബൈപ്പാസ് പണി പൂര്‍ത്തിയാകുന്നതോടെ സഞ്ചാരപാത നഷ്ടമാകും. പന്തലായനിയിലെ മൂന്ന് റോഡുകള്‍ക്ക് കുറുകേയാണ് ബൈപ്പാസ് കടന്നുപോകുന്നത്. പന്തലായനി- വിയ്യൂര്‍ റോഡ്, കാട്ടുവയല്‍ റോഡ്, കോയാരിക്കുന്ന് റോഡ് എന്നിവയുടെ കുറുകേ ഏകദേശം ഏഴരമീറ്റര്‍ ഉയരത്തിലൂടെയാണ് ബൈപ്പാസ് പോകുന്നത്. ഇതുകാരണം ബൈപ്പാസിന്റെ ഇരുഭാഗത്തുമുള്ളവര്‍ക്ക് സര്‍വ്വീസ് റോഡില്‍ പ്രവേശിക്കുകയെന്നത് ബുദ്ധിമുട്ടാണ്. ഈസാഹചര്യത്തിലാണ് സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നതിനെതിരെ ജനകീയ സമരം തുടങ്ങിയത്.
ബൈപ്പാസിന്റെ കിഴക്ക് ഭാഗത്തുള്ളവര്‍ക്ക് പടിഞ്ഞാറ് ഭാഗത്ത് എത്താന്‍ കാട്ടുവയല്‍ റോഡില്‍ ഒരു ബോക്‌സ് കല്‍വര്‍ട്ട് സ്ഥാപിക്കണണെന്ന ആവശ്യമാണ് ഗതാഗത സംരക്ഷണ സമിതി മുന്നോട്ടുവെച്ചത്. എന്നാല്‍ ഇതിനെതിരെ തടസവാദങ്ങളുന്നയിക്കുകയാണ് ദേശീയപാത അതോറിറ്റി ചെയ്തത്. ഈ സാഹചര്യത്തിലാണ് സമരപ്പന്തല്‍ തീര്‍ത്ത് പ്രക്ഷോഭമാരംഭിച്ചത്.