ഷാഫി പറമ്പിലിന് ഏറ്റവുമധികം ഭൂരിപക്ഷം ലഭിച്ചത് കൊയിലാണ്ടിയില്‍ നിന്ന്; ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ ശൈലജ ടീച്ചര്‍ക്കൊപ്പം നിന്നത് തലശ്ശേരി മാത്രം- വിശദമായ കണക്കുകള്‍ അറിയാം


വടകര: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനൊപ്പം നിന്ന മണ്ഡലങ്ങളിലടക്കം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജ ടീച്ചര്‍ക്ക് നേരിടേണ്ടിവന്നത് കനത്ത തിരിച്ചടി. നിയമസഭാ മണ്ഡലങ്ങളില്‍ തലശ്ശേരി മണ്ഡലത്തില്‍ മാത്രമാണ് ശൈലജ ടീച്ചര്‍ക്ക് ലീഡ് നേടാനായത്. അതും 8630 വോട്ടുകളുടെ ലീഡ് മാത്രം.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന് ഏറ്റവുമധികം ലീഡ് ലഭിച്ചത് കൊയിലാണ്ടി മണ്ഡലത്തില്‍ നിന്നാണ്. 24063 വോട്ടുകളാണ് ഇവിടെ നിന്ന് ലീഡ് നേടിയത്. നാദാപുരം, കുറ്റ്യാടി മണ്ഡലങ്ങളാണ് ലീഡിന്റെ കാര്യത്തില്‍ തൊട്ടുപിന്നിലുള്ളത്. നാദാപുരത്ത് 23877 വോട്ടുകളുടെയും കുറ്റ്യാടിയില്‍ 23635 വോട്ടുകളുടെയും ലീഡ് ഷാഫിയ്ക്ക് ലഭിച്ചു.

യു.ഡി.എഫ് ഭരിക്കുന്ന വടകര മണ്ഡലത്തില്‍ 22082 ആണ് ഷാഫിയുടെ ലീഡ്. കൂത്തുപറമ്പില്‍ 10892 വോട്ടുകളുടെയും പേരാമ്പ്രയില്‍ 19085 വോട്ടുകളുടെയും ഭൂരിപക്ഷം ഷാഫി പറമ്പില്‍ നേടി.

വടകര മണ്ഡലത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ നിയമസഭാ മണ്ഡലത്തില്‍ വോട്ടു രേഖപ്പെടുത്തുന്ന അതേ സ്വഭാവത്തിലല്ല ലോക്‌സഭാ മണ്ഡലത്തിലെ വോട്ടുകള്‍ വീഴുന്നതെന്നത് വ്യക്തമാകും. 2019ലെ തെരഞ്ഞെടുപ്പിലും ഈതേ രീതിയില്‍ തലശ്ശേരി മാത്രമാണ് എല്‍.ഡി.എഫിനൊപ്പമുണ്ടായിരുന്നത്. അത് ആവര്‍ത്തിക്കുന്നതാണ് ഇത്തവണയും കണ്ടത്.

പ്രചരണ സമയത്ത് വടകര മണ്ഡലത്തില്‍ കടുത്ത മത്സരം നടക്കുമെന്ന പ്രതീതിയുണ്ടായെങ്കിലും വോട്ടെണ്ണലില്‍ ഈ കടുപ്പം കണ്ടിട്ടില്ല. 114506 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഷാഫി പറമ്പില്‍ ജയിച്ചത്. 2019ല്‍ കെ.മുരളീധരന്‍ നേടിയതിലുമേറെ വോട്ടുകള്‍ ഷാഫിയ്ക്ക് നേടിയെടുക്കാനായി. 84663 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മുരളീധരന്‍ ജയിച്ചത്.

Note: അന്തിമ കണക്കുകള്‍ വരുമ്പോള്‍ മേല്‍പറഞ്ഞ കണക്കുകളില്‍ ചെറിയ തോതിലുള്ള വ്യത്യാസമുണ്ടാവാം.