”ഏടാ മോനേ… രംഗണ്ണന്‍ പറഞ്ഞാല്‍ പറഞ്ഞതാ” വടകരയിലെ ഷാഫി പറമ്പിലിന്റെ വിജയം, അച്ചട്ടായി റാഷിദ് നാദാപുരത്തിന്റെ പ്രവചനം


വടകര: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്വന്തം മണ്ഡലമായ വടകരയിലെ തെരഞ്ഞെടുപ്പ് ഫലം പ്രചവിച്ചതിലും നാദാപുരത്തുകാരന്‍ റാഷിദ്.സി.പിക്ക് നൂറില്‍ നൂറ്. വടകരയില്‍ ഷാഫി പറമ്പില്‍ 88,500 മുതല്‍ 114000 വരെ വോട്ടുകള്‍ നേടി വിജയിക്കുമെന്നാണ് റാഷിദ് പ്രവചിച്ചത്.

വടകരയിലെ വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ 110000ത്തിലേറെ വോട്ടുകളുടെ ലീഡുണ്ട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്. ശൈലജ ടീച്ചര്‍ക്ക് പാര്‍ട്ടി വോട്ടിനപ്പുറം സമാഹരിക്കാനുള്ള രാഷ്ട്രീയ സാഹചര്യം നിലവില്‍ ഉണ്ടായിരുന്നില്ലെന്നും റാഷിദ് വിശദീകരിച്ചിരുന്നു. ടീച്ചര്‍ അമ്മ വിളി പോലും പാര്‍ട്ടി സര്‍ക്കിളിന് അപ്പുറം വലിയ രീതിയില്‍ ഏശിയിട്ടില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ മട്ടന്നൂരിലെ വലിയ വിജയത്തിനുശേഷം ടീച്ചറുടെ പൊളിറ്റിക്കല്‍ ഗ്രാഫില്‍ നല്ല വേരിയേഷന്‍ ഉണ്ടായിരുന്നെന്നും റാഷിദ് വിലയിരുത്തിയിരുന്നു.

നേരത്തെ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ് ഗഢ്, തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിച്ച് കയ്യടി നേടിയ ആളാണ് റാഷിദ്. ഇതോടെയാണ് റാഷിദിന്റെ പ്രവചനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടത്.

അതേസമയം, ദേശീയ തലത്തില്‍ റാഷിദിന്റെ പ്രവചനം പാളിപ്പോയി എന്നുവേണം കരുതാന്‍. ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ സഖ്യത്തിന് വന്‍വിജയമാണ് റാഷിദ് പ്രവചിച്ചത്. 308-327 വരെ സീറ്റുകള്‍ നേടുമെന്നായിരുന്നു റാഷിദ് പറഞ്ഞത്. എന്നാല്‍ നിലവില്‍ എന്‍.ഡി.എയുടെ സീറ്റുകള്‍ 300 കടന്നിട്ടില്ല. മാത്രമല്ല, തെരഞ്ഞെടുപ്പില്‍ എക്‌സിറ്റ് പൊളുകളെയാകെ തള്ളി മികവാര്‍ന്ന പ്രകടനം കാഴ്ചവെക്കാന്‍ ഇന്ത്യ മുന്നണിക്ക് കഴിയുകയും ചെയ്തിട്ടുണ്ട്. ഇന്ത്യ മുന്നണിയുടെ പൊളിറ്റിക്കല്‍ ബേസ് കൊണ്ട് മാത്രം മറികടക്കാവുന്ന ഒന്നല്ല ഇന്നത്തെ ഇന്ത്യയിലെ ഭരണപക്ഷവും അതിന്റെ രാഷ്ട്രീയവും എന്നായിരുന്നു റാഷിദ് ദേശീയരാഷ്ട്രീയത്തില്‍ എന്‍.ഡി.എയ്ക്ക് ആധികാരിക വിജയം പ്രവചിച്ചുകൊണ്ട് പറഞ്ഞത്.