‘സ്പീക്കറെ ഒരു വോട്ട്’; തലശ്ശേരിയിലെത്തി എ.എന്‍ ഷംസീറിനോട് വോട്ട് ചോദിച്ച് ഷാഫി പറമ്പില്‍


തലശ്ശേരി: സ്പീക്കര്‍ എ.എന്‍ ഷംസീറിനെ നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിച്ച് യുഡിഎഫ് വടകര മണ്ഡലം സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. തലശ്ശേരിയില്‍ പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു സ്പീക്കര്‍ സ്ഥലത്തുള്ള കാര്യം ഷാഫി അറിഞ്ഞത്. തുടര്‍ന്ന് നഗരസഭാ കാര്യാലയത്തില്‍ എത്തിയാണ് മണ്ഡലത്തിലെ വോട്ടര്‍ കൂടിയായ സ്പീക്കറോട് വോട്ട് അഭ്യര്‍ത്ഥിച്ചത്.

നഗരസഭാധ്യക്ഷ കെ.എം ജമുനാറാണിയുടെ ചേംബറിലായിരുന്നു കൂടിക്കാഴ്ച. അല്‍പനേരം അവിടെ ചിലവഴിച്ച ഷാഫി നഗരസഭാധ്യക്ഷയോടും വോട്ട് ചോദിച്ചു. പ്രചാരണം എങ്ങനെയുണ്ടന്ന് ഷംസീര്‍ ചോദിച്ചപ്പോള്‍ റംസാന്‍ കാലത്ത് കനത്ത ചൂടിലെ പ്രചാരണം ഏറെ വലയ്ക്കുന്നുണ്ടെന്നായിരുന്നു ഷാഫി മറുപടി നല്‍കിയത്.

തലശ്ശേരി മാര്‍ക്കറ്റ്, ബസ് സ്റ്റാന്റ്, സര്‍ക്കാര്‍ ആശുപത്രി, കോടതി എന്നിവിടങ്ങളിലെല്ലാം ഷാഫി ഇന്നലെ സന്ദര്‍ശനം നടത്തിയിരുന്നു.ഡിസിസി സെക്രട്ടറി അഡ്വ.കെ ശുഹൈബ്, മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എ ലത്തീഫ്, തലശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം.പി അരവിക്ഷന്‍, ഡിസിസി സെക്രട്ടറി അബൂട്ടി ഹാജി, സജീവ് മാറോളി, കൗണ്‍ിസര്‍മാരായ ശശി മാസ്റ്റര്‍, എം.മോഹനന്‍, പി.കെ സോന, വി.സി പ്രസാദ്, നസീര്‍ എം, ടി.പി ഷാനവാസ് തുടങ്ങിയവര്‍ ഷാഫിക്കൊപ്പം ഉണ്ടായിരുന്നു.

Also Read-നിമിഷനേരം കൊണ്ട് മേല്‍ക്കൂര കത്തിനശിച്ചു, നിലവിളിച്ച്‌ ആളുകള്‍; നാദാപുരം പേരോട് ഇരുനില വീടിന് തീപിടിച്ച ദൃശ്യങ്ങള്‍ കാണാം