”കൊയിലാണ്ടി എസ്.എന്‍.ഡി.പി കോളേജില്‍ വിദ്യാര്‍ഥിയെ ആക്രമിച്ച നടപടി വിദ്യാര്‍ഥി രാഷ്ട്രീയത്തിന് അപമാനം”; എസ്.എഫ്.ഐയുടേത് ഏകാധിപത്യ പ്രവര്‍ത്തനമെന്നും എം.എസ്.എഫ്


കൊയിലാണ്ടി: കൊയിലാണ്ടി എസ്.എന്‍.ഡി.പി കോളേജില്‍ വിദ്യാര്‍ഥിയെ ആക്രമിച്ച നടപടി വിദ്യാര്‍ഥി രാഷ്ട്രീയത്തിന് അപമാനമെന്ന് എം.എസ്.എഫ് കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു. ആര്‍.എസ്.എം എസ്.എന്‍.ഡി.പി കോളേജില്‍ സി.ആര്‍.അമലിന് നേരെ ഉണ്ടായ അക്രമത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും എം.എസ്.എഫ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഷിബില്‍ പുറക്കാട്, ജനറല്‍ സെക്രട്ടറി സിഫാദ് ഇല്ലത്ത് എന്നിവര്‍ അറിയിച്ചു.

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയുടെ ക്രൂരമായ കൊലപാതകം നാട് മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന ഘട്ടത്തിലാണ് കൊയിലാണ്ടി എസ്.എന്‍.ഡി.പി കോളേജില്‍ വിദ്യാര്‍ത്ഥിക്ക് എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ സംഭവം പുറത്ത് വരുന്നത്. എസ്.എഫ്.ഐക്ക് ആധിപത്യമുള്ള ക്യാമ്പസില്‍ തീര്‍ത്തും ജനാധിപത്യ വിരുദ്ധമായ അന്തരീക്ഷമാണ് പൊതുവില്‍ സൃഷ്ടിപ്പെടുന്നത്. മറ്റു വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ പോലും കഴിയാത്ത വിധത്തില്‍ എതിര്‍ ശബ്ദങ്ങളെ ഹീനമായി അടിച്ചമര്‍ത്തുന്ന രീതിയാണ് എസ്.എഫ്.ഐ തുടര്‍ന്ന് പോകുന്നതെന്നും എം.എസ്.എഫ് പ്രവര്‍ത്തകര്‍ ആരോപിച്ചു.

ഇതിനെതിരെ പ്രതികരിക്കുന്ന വിദ്യാര്‍ത്ഥികളെ മാനസികവും ശാരീരികവുമായി നേരിടുന്നതിന് നിരവധി ഉദാഹരണങ്ങള്‍ കൊയിലാണ്ടിയിലെ ക്യാമ്പസുകളില്‍ പോലും ചൂണ്ടിക്കാണിക്കാന്‍ കഴിയുന്നതാണ്. ഈ കഴിഞ്ഞ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ പോലും എസ്.എഫ്.ഐക്ക് എതിരെ മത്സരിച്ചതിന് വിദ്യാര്‍ത്ഥികളെ വളരെ മൃഗീയമായി മര്‍ദ്ദിച്ച എസ്.എഫ്.ഐ കൊടിയില്‍ എഴുതിവച്ച സ്വാതന്ത്ര്യം തങ്ങള്‍ക്ക് മാത്രം എന്തും കാണിക്കാനുള്ള ലൈസന്‍സ് ആയി കരുതുകയാണ്. ജനാധിപത്യത്തിന്റെ യാതൊരു അംശവും ഇല്ലാത്ത ഈ സംഘടന ക്യാമ്പസില്‍ നടത്തുന്നത് ഏകാധിപത്യ പ്രവര്‍ത്തനമാണ്. എസ്.എഫ്.ഐയുടെ ഈ നടപടി വിദ്യാര്‍ത്ഥികളെ കലാലയ രാഷ്ട്രീയത്തില്‍ നിന്നും അകറ്റുകയും വളര്‍ന്നു വരുന്ന തലമുറ രാഷ്ട്രീയത്തെ തെറ്റായി മനസിലാക്കാനും വെറുക്കാനും വരെ വഴി വെക്കുന്നതുമാണെന്നും എം.എസ്.എഫ് ആരോപിച്ചു.