ഒരിഞ്ച് പോലും പിന്നോട്ടില്ല! മോദി സര്‍ക്കാര്‍ വിലക്കിയ ബി.ബി.സി ഡോക്യുമെന്ററി പ്രദര്‍ശനത്തിനിടെ ജെ.എന്‍.യുവിലുണ്ടായ എ.ബി.വി.പി ആക്രമണത്തിനെതിരെ പയ്യോളിയില്‍ എസ്.എഫ്.ഐ പ്രതിഷേധം


കൊയിലാണ്ടി: കേന്ദ്ര സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയ ബി.ബി.സി ഡോക്യുമെന്ററിയുടെ പ്രദര്‍ശനത്തിനിടെ ജെ.എന്‍.യുവില്‍ എ.ബി.വി.പി നടത്തിയ ആക്രമണത്തിനെതിരെ പയ്യോളിയില്‍ പ്രതിഷേധം. എസ്.എഫ്.ഐ പയ്യോളി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനവും കൂട്ടായ്മയും ജില്ലാ കമ്മിറ്റി അംഗം എന്‍.ടി.നിഹാല്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് അവന്തിക, ദില്‍ജിത്ത്, ഭഗത് എന്നിവര്‍ സംസാരിച്ചു.

ബി.ബി.സിയുടെ ഇന്ത്യ ദി മോദി ക്വസ്റ്റിയന്‍ എന്ന ബി.ബി.സി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നതിനിടെ എ.ബി.വി.പി പ്രവര്‍ത്തകര്‍ കല്ലെറിയുകയായിരുന്നു. വൈദ്യുതി വിച്ഛേദിച്ചതിനാല്‍ വലിയ സ്‌ക്രീനില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനായില്ല. ലാപ്‌ടോപ്പിലും മൊബൈല്‍ ഫോണിലുമായി ഡോക്യുമെന്ററി കണ്ടുകൊണ്ടായിരുന്നു വിദ്യാര്‍ഥികളുടെ പ്രതിഷേധം. വൈദ്യുതിക്ക് പുറമേ ജെ.എന്‍.യുവിലെ ഇന്റര്‍നെറ്റ് ബന്ധവും വിച്ഛേദിച്ചിരുന്നു.

ഇതിനെതിരെയാണ് പയ്യോളിയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.