കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ്: കൊയിലാണ്ടിയില്‍ എസ്.എഫ്.ഐ തേരോട്ടം, മത്സരം നടന്ന നാലില്‍ മൂന്നിടത്തും മുഴുവന്‍ സീറ്റുകളും നേടി


കൊയിലാണ്ടി: കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കൊയിലാണ്ടിയില്‍ എസ്.എഫ്.ഐക്ക് ഉജ്ജ്വല വിജയം. മത്സരം നടന്ന നാല് കോളേജുകളില്‍ മൂന്നിടത്തും എസ്.എഫ്.ഐ മികച്ച വിജയം നേടി. ആര്‍ട്‌സ് കോളേജ്, എസ്.എന്‍.ഡി.പി കോളേജ്, മുചുകുന്ന് കോളേജിലും എസ്.എഫ്.ഐ ആധികാരിക വിജയം നേടി.

എസ്.എന്‍.ഡി.പി കോളേജില്‍ തെരഞ്ഞെടുപ്പ് നടന്ന പതിനാലില്‍ പതിനാല് സീറ്റുകളിലും എസ്.എഫ്.ഐ വിജയിച്ചു. എം.എസ്.എഫ്-കെ.എസ്.യു സഖ്യമായിരുന്നു എതിരാളി. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുമ്പോള്‍ അഞ്ച് സീറ്റുകളില്‍ എസ്.എഫ്.ഐ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഫസ്റ്റ് ഇയര്‍ റെപ്രസെന്ററ്റീവ്, സെക്കന്‍ഡ് ഇയര്‍ റെപ്രസെന്ററ്റീവ്, തേര്‍ഡ് ഇയര്‍ റെപ്രസെന്ററ്റീവ്, ഫിസിക്‌സ് അസോസിയേഷന്‍ സെക്രട്ടറി, ഇംഗ്ലീഷ് അസോസിയേഷന്‍ സെക്രട്ടറി, എന്നീ സീറ്റുകളിലേക്കാണ് എസ്.എഫ്.ഐ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നത്.

കൊയിലാണ്ടി ആര്‍ട്‌സ് കോളേജിലും മുചുകുന്ന് കോളേജിലും മുഴുവന്‍ സീറ്റുകളും എസ്.എഫ്.ഐ നേടി. ആര്‍ട്‌സ് കോളേജില്‍ ആദ്യമായി നടന്ന തെരഞ്ഞെടുപ്പില്‍ എട്ടില്‍ എട്ട് സീറ്റും നേടിയാണ് എസ്.എഫ്.ഐയുടെ വിജയം.

അതേസമയം, കാപ്പാട് ഇലാഹിയ കോളേജില്‍ എം.എസ്.എഫ് മികച്ച വിജയം നേടി. എം.എസ്.എഫ് ഒറ്റയ്ക്ക് മത്സരിച്ച ഇവിടെ പതിനാറില്‍ രണ്ട് സീറ്റുകളില്‍ മാത്രമാണ് എതിര്‍സ്ഥാനത്തുണ്ടായിരുന്ന കെ.എസ്.യുവിന് വിജയം നേടാനായത്. മത്സരം നടന്ന ഏഴ് സീറ്റുകളില്‍ എസ്.എഫ്.ഐ മത്സരരംഗത്തുണ്ടായിരുന്നെങ്കിലും എം.എസ്.എഫിന് വെല്ലുവിളിയുയര്‍ത്താന്‍ കഴിഞ്ഞില്ല.