‘എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും മിശ്രവിവാഹ ബ്യൂറോ നടത്തുകയല്ല’; നാസർ ഫൈസി കൂടത്തായി കൊയിലാണ്ടിയിൽ വെച്ച് നടത്തിയ വിവാദ പരാമർശത്തിൽ മുഖ്യമന്ത്രിയുടെ മറുപടി


കൊച്ചി: മിശ്ര വിവാഹം നാടിന്റെ മാറ്റത്തിന്റെ ഭാഗമായി വരുന്നതാണെന്നും, എസ്.എഫ്.ഐയും ഡിവൈഎഫ്ഐയും മിശ്രവിവാഹ ബ്യൂറോ തുറക്കുകയല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളത്തെ നവകേരള സദസില്‍ നാസര്‍ ഫൈസി കൂടത്തായിയുടെ വിവാദ പരാമര്‍ശത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ധേഹം.

”പുതിയ കാലഘട്ടത്തില്‍ മിശ്രവിവാഹം തടയാന്‍ ആര്‍ക്കും കഴിയില്ല. മിശ്രവിവാഹം നടക്കുമ്പോഴോക്കെ ഈ പറയുന്ന പരാതി എല്ലാക്കാലത്തും ഉണ്ടാകാറുണ്ട്. ഇപ്പോ ധാരാളം വിവാഹം നടക്കുകയല്ലേ, പുതിയ കാലഘട്ടത്തില്‍ പൊതുസമൂഹത്തില്‍ അതൊന്നും തടയാനാകില്ല. ഏതെങ്കിലുമൊരു സംഘടന വിവാഹദല്ലാളും ബ്യൂറോയുമായി പ്രവര്‍ത്തിക്കുന്നില്ല. ഈ മിശ്രവിവാഹ ബ്യൂറോ തുറക്കുകയല്ല എസ്.എഫ്.ഐയും ഡിവൈഎഫ്ഐയും. അത് നമ്മുടെ ചെറുപ്പത്തിന്റെ ഭാഗമായി നാടിന്റെ മാറ്റത്തിന്റെ ഭാഗമായി വരുന്ന കാര്യമാണ്. അതൊന്നും ലോകത്ത് ആര്‍ക്കും തടയാന്‍ കഴിയില്ല. ഞങ്ങള് തടഞ്ഞു കളയുമെന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കില്‍ അതൊന്നും സാധിക്കുന്ന കാര്യമല്ലെന്ന് അവരെല്ലാം മനസിലാക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.

സുന്നി മഹല്ല് ഫെഡറേഷന്‍ കോഴിക്കോട് ജില്ലാ സാരഥീസംഗമം കൊയിലാണ്ടിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി മിശ്രവിവാഹത്തിനെതിരെ വിവാദ പരമാര്‍ശം നടത്തിയത്. മുസ്ലീം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്ര വിവാഹം നടത്തുന്നുവെന്നും, സിപിഎമ്മും ഡി.വൈ.എഫ്.ഐയുമാണ് ഇതിന് പിന്നിലെന്നുമായിരുന്നു നാസര്‍ ഫൈസിയുടെ പരാമര്‍ശം.

പാര്‍ട്ടി ഓഫീസുകളിലും പത്ര ഓഫീസുകളിലും പാര്‍ട്ടി നേതാക്കന്മാരുടെയും പിന്‍ബലത്തില്‍ മുസ്ലീം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയി അമുസ്ലീങ്ങള്‍ക്ക് വിവാഹം ചെയ്തു കൊടുക്കുന്ന വിധത്തില്‍ മിശ്ര വിവാഹം പ്രോത്സാഹിപ്പിക്കുന്ന സിപിഎമ്മിന്റെയും ഡി.വൈ.എഫ്.ഐയുടെയും എസ്.എഫ്.ഐയുടെയും മതനിരാസത്തെ ശക്തമായി എതിര്‍ക്കാന്‍ മഹല്ല് ജമാ അത്തുകള്‍ സംഘടിച്ച് നിന്നേ മതിയാവുകയുള്ളുവെന്നും നാസര്‍ ഫൈസി പറഞ്ഞിരുന്നു.