പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ക്കുനേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ നടുവണ്ണൂര്‍ സ്വദേശിക്ക് ഒമ്പതുവര്‍ഷം കഠിനതടവും പിഴയും
നാദാപുരം: പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ വീട്ടില്‍ കൂട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ നടുവണ്ണൂര്‍ സ്വദേശിയ്ക്ക് ഒമ്പതുവര്‍ഷം കഠിന തടവും പിഴയും. കാവുന്തറ തറോക്കണ്ടി ദാമോദരനാണ് (72) കോടതി ശിക്ഷ വിധിച്ചത്.
അന്‍പത്തിയഞ്ചായിരം രൂപയാണ് പിഴയായി അടയ്‌ക്കേണ്ടത്. പോക്‌സോ, പട്ടികജാതി വര്‍ഗ അതിക്രമം തടയല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് എം.സുഹൈബാണ് ശിക്ഷ വിധിച്ചത്.
2022 സെപ്തംബര്‍ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടില്‍ നിന്നും പച്ചക്കറി വാങ്ങാനായി പോയ പെണ്‍കുട്ടികളെ ദാമോദരന്‍ ഇയാളുടെ വീട്ടിലേക്ക് കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. പേരാമ്പ്ര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് എ.എസ്.പി ടി.കെ.വിഷ്ണുപ്രദീപ്, ഡി.വൈ.എസ്.പി വി.വി.രതീഷ് എന്നിവരാണ് അന്വേഷിച്ചത്.