ഡോക്ടേസ് അക്കാദമിയിലെ എം.ഡിക്കെതിരെ ലൈംഗികാതിക്രമ പരാതി: പ്രതിഷേധിച്ച വിദ്യാര്‍ഥി സംഘടനാ നേതാക്കളെയും പ്രവര്‍ത്തകരെയും പൊലീസ് വേട്ടയാടുകയാണെന്ന് ഡി.വൈ.എഫ്.ഐ


കൊയിലാണ്ടി: ഡോക്ടേഴ്‌സ് അക്കാദമി മാനേജിങ് ഡയറക്ടര്‍ ബാബുരാജിനെതിരെ ഇതേ സ്ഥാപനത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥി ലൈംഗിക പീഡന പരാതി നല്‍കിയ പശ്ചാത്തലത്തില്‍ സ്ഥാപനത്തിലേക്ക് മാര്‍ച്ച് നടത്തിയ വിദ്യാര്‍ഥി സംഘടനാ നേതാക്കളെയും പ്രവര്‍ത്തകരെയും പൊലീസ് വേട്ടയാടുകയാണെന്ന ആരോപണവുമായി ഡി.വൈ.എഫ്.ഐ. വിദ്യാര്‍ഥിനി നല്‍കിയ ലൈംഗിക അതിക്രമ പരാതിയില്‍ പ്രതിയെ പോക്‌സോ ചുമത്തി പ്രതിയെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

പ്രതിയുടെ ഒത്താശയോടെ പ്രതികാര ബുദ്ധിയോടെ വിദ്യാര്‍ഥികളെ കൊയിലാണ്ടി പൊലീസ് വേട്ടയാടുകയാണെന്നാണ് ഡി.വൈ.എഫ്.ഐ പത്രക്കുറിപ്പില്‍ ആരോപിക്കുന്നത്. എസ്.എഫ്.ഐ നേതാക്കളുടെ വീട്ടില്‍ നിരന്തരമായി അനുവാദമില്ലാതെ കടന്ന് കയറുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന പോലീസ് സംഘം ഇന്നലെ അര്‍ധരാത്രി അരിക്കുളത്തെ വിദ്യാര്‍ത്ഥി നേതാവായ രോഹിത്തിന്റെ വീട്ടില്‍ അതിക്രമിച്ച് കയറുകയും ഭീകരാന്തരീക്ഷീ സൃഷ്ടിക്കുകയുമാണ് ചെയ്തത്. ഭയപ്പെട്ട രോഹിത്തിന്റെ അമ്മ ബോധരഹിതയായി വീഴുകയും തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെട്ടിരിക്കുകയുമാണ്.

കേരള സര്‍ക്കാരിന്റെ പോലീസ് നയത്തിന് വിരുദ്ധമായി കൊയിലാണ്ടി പോലീസിലെ ചില ഉദ്യോഗസ്ഥരുടെ താല്പര്യപ്രകാരം നടക്കുന്ന ഗുണ്ടായിസം അനുവദിക്കാനാവില്ല. 16 വയസ്സുകാരിയുടെ ലൈഗിംകാതിക്ര പരാതിയില്‍ സ്റ്റേഷനിലെത്തിയ പ്രതിയെ അപ്പോള്‍ വിട്ടയക്കുകയും തെളിവുകളെല്ലാം നശിപ്പിക്കാനും, പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കാനും പ്രതിക്ക് രണ്ട് ദിവസത്തെ സമയം നല്‍കിയ പോലീസ് ഗത്യന്തരമില്ലാതെയാണ് പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്യുന്നത്.

കൊയിലാണ്ടി പോലീസിലെ ഇത്തരത്തിലുള്ളയാളുകളെ നിലക്ക് നിര്‍ത്താന്‍ ബദ്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെങ്കില്‍ യുവജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷേഭത്തിന് ഡി.വൈ.എഫ്.ഐ നേതൃത്വം നല്‍കും. കേരള സര്‍ക്കാരിനെ ഇകഴ്ത്തിക്കാട്ടാനും വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി നിര്‍ജ്ജീവമാക്കാനുള്ള പോലീസിന്റെ പ്രവൃത്തി വിലപോവില്ല. പോക്‌സോ കേസിലെ പ്രതിയുടെ വ്യാജ പരാതിയില്‍ പോലീസ് നടത്തുന്ന ഇത്തരം അതിക്രമങ്ങള്‍ ഉടനെ അവസാനിപ്പിക്കണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു.