”കടുക്ക വാങ്ങാന്‍ വന്നതാണ്, പെട്ടന്ന് മിന്നലടിച്ചു, എല്ലാവരും തെറിച്ചുവീണു’; കോഴിക്കോടുണ്ടായ ഇടിമിന്നല്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍ പറയുന്നതിങ്ങനെ


കോഴിക്കോട്: ‘ഷോക്കടിച്ചത് പോലെയായിരുന്നു, എല്ലാവരും തെറിച്ചുവീണു, ഒരാള്‍ വണ്ടിയുടെ മുകളില്‍ നിന്നും വീണു’. കോഴിക്കോട് കടപ്പുറത്ത് ഇടിമിന്നലേറ്റ് പരിക്കേറ്റയാള്‍ പറയുന്നതിങ്ങനെ. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് കോഴിക്കോട് സൗത്ത് കടപ്പുറത്ത് കടലില്‍ നിന്ന് വള്ളം കരയ്ക്കടിയ്ക്കിപ്പിക്കുന്നതിനിടെ 7 മത്സ്യത്തൊഴിലാളികള്‍ക്ക് ഇടിമിന്നലേറ്റത്.

കടുക്ക വാങ്ങാന്‍ വന്ന ഒരാള്‍ക്കും ഇടിമിന്നലേറ്റിട്ടുണ്ട്. നിലവില്‍ മത്സ്യബന്ധനത്തിനായി പോകാന്‍ കഴിയാത്തതിനാല്‍ കടന്‍വെള്ളം ശേഖരിച്ച് അയയ്ക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കെയാണ് മത്സ്യത്തൊഴിലാളികള്‍ക്ക് ഇടിമിന്നലേല്‍ക്കുന്നത്. പരിക്കേറ്റ ഏഴുപേരും കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. നിലവില്‍ പരിക്കേറ്റ മറ്റ് ഏഴ്‌പേര്‍ നില കുഴപ്പമില്ലെന്നാണ് ലഭിക്കുന്ന വിവരം.

കോഴിക്കോട് ഈ സമയങ്ങളില്‍ വലിയ തോതിലുള്ള മഴ പെയ്തിരുന്നില്ലെങ്കിലും വലിയ ഇടി ഉണ്ടായിരുന്നെന്നാണ് പരിക്കേറ്റവര്‍ പറയുന്നത്. പരിക്കേറ്റവരില്‍ പതിനേവ് വയസ്സുകാരനും ഉള്‍പ്പെടുന്നു. അഷ്റഫ് (45), അനില്‍ (18), ഷരീഫ് (37), മനാഫ് (52), സുബൈര്‍ (55), സലീം (40), അബ്ദുള്‍ ലത്തീഫ് (54) എന്നിവരാണ് ചികിത്സയിലുള്ളത്.