കിടപ്പ് രോഗിയെ പരിചരിക്കാനെത്തിയിട്ട് ദിവസങ്ങള്‍ മാത്രം; ഉള്ളിയേരിയില്‍ രണ്ട് പവനോളം വരുന്ന സ്വര്‍ണ്ണമാലയുമായി ഹോംനഴ്‌സ് മുങ്ങിയതായി പരാതി


ഉള്ളിയേരി: ഉള്ളിയേരിയില്‍ കിടപ്പ്‌രോഗിയെ പരിചരിക്കാനെത്തിയ ഹോംനഴ്‌സ് രണ്ട് പവനോളം വരുന്ന സ്വര്‍ണ്ണമാലയുമായി മുങ്ങിയതായി പരാതി. ഉള്ളിയേരി ചീര്‍ക്കോളി സ്വദേശി കിടപ്പിലായ രാഘവന്‍ നായരെ പരിചരിക്കാന്‍ എത്തിയ പാലക്കാട് ചീറ്റൂര്‍ കൊടമ്പ് സ്വദേശിനി മഹേശ്വരി (42) യെയാണ് കാണാതായത്.

കഴിഞ്ഞ തിങ്കളാഴ്ച (27.4.2024) ഉച്ചയോടെയാണ് ഹോംനഴ്‌സായ യുവതിയെ വീട്ടില്‍ നിന്നും കാണാതാവുന്നത്. മെയ് 12 നാണ് യുവതി കിടപ്പിലായ രാഘവന്‍ നായരെ പരിചരിക്കാനായി ബാലുശ്ശേരി സ്വകാര്യ ഏജന്‍സി വഴി വീട്ടിലെത്തുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം.

രാവിലെ 11 മണിയോടെ രാഘവന്‍ നായരുടെ ഭാര്യ ജാനുഅമ്മയുടെ മുടി മഹേശ്വരി ഡൈ ചെയ്ത് കൊടുത്തിരുന്നു. ജാനു അമ്മയെ സ്വര്‍ണ്ണ മാലയില്‍ ഡ്രൈ ആയാല്‍ കളര്‍ മങ്ങുമെന്ന് വിശ്വസിപ്പിച്ച് മാല അഴിപ്പിച്ച് വെക്കുകയായിരുന്നു. പിന്നീട് ജാനുഅമ്മ തൊട്ടടുത്ത വീട്ടില്‍ ഉണക്കാനിട്ട വസ്ത്രങ്ങള്‍ എടുക്കാന്‍ പോവുകയും ചെയ്തു.

കുറച്ച് കഴിഞ്ഞ് കൊയിലാണ്ടിയില്‍ പോയിവരാമെന്ന് പറഞ്ഞാണ് ഹോംനഴ്‌സായ മഹേശ്വരി സ്ഥലം വിട്ടത്. കുറച്ച് കഴിഞ്ഞാണ് ജാനുഅമ്മ സ്വര്‍ണ്ണമാല കാണാത്തതായി ശ്രദ്ധയില്‍പ്പെട്ടത്. കൂടാതെ പേഴ്‌സില്‍ നിന്നും ആയിരം രൂപയും നഷ്ടപ്പെട്ടതായി പരാതിക്കാര്‍ പറയുന്നു. രാഘവന്‍ നായരുടെ മകനും ഭാര്യയും മക്കളും സ്ഥലത്തില്ലാത്ത നേരം നോക്കിയാണ് യുവതി സ്ഥലം വിട്ടത്. സംഭവത്തില്‍ അത്തോളി പോലീസ് അന്വേഷണം നടത്തിവരികയാണ്.