‘ഇന്ന് വില കൂടുതലാണെങ്കില്‍ നാളെ പത്തോ ഇരുപതോ രൂപ ഒറ്റയടിക്ക് കുറയും’ ; പച്ചക്കറി വിലയിലെ ചാഞ്ചാട്ടം കുഴപ്പിക്കുകയാണെന്ന് കൊയിലാണ്ടിയിലെ കച്ചവടക്കാര്‍



കൊയിലാണ്ടി: ‘ഇന്ന് വില കൂടുതലാണെങ്കില്‍ നാളെ പത്തോ പതിനഞ്ചോ രൂപ ഒറ്റയടിക്ക് കുറയും. തലേദിവസം പൊള്ളും വിലയ്ക്ക് വാങ്ങിയ പച്ചക്കറി പിറ്റേന്ന് നഷ്ടത്തിന് വില്‍ക്കേണ്ടിവരും’ പച്ചക്കറി വിലയിലെ ചാഞ്ചാട്ടം കച്ചവടക്കാരെ എത്രത്തോളം ബാധിക്കുന്നുവെന്ന് പറയുകയാണ് കൊയിലാണ്ടി മാര്‍ക്കറ്റിലെ അരിക്കുളം വെജിറ്റബിള്‍സ് ഉടമ പ്രമോദ്.

തിങ്കളാഴ്ച നൂറ് രൂപയോളമെത്തിയിരുന്ന തക്കാളി വില പിറ്റേദിവസമായതോടെ 80 രൂപയായി കുറഞ്ഞു. അതോടെ നൂറ് രൂപയ്ക്ക് വാങ്ങിവെച്ച തക്കാളികള്‍ ഇന്നലെ എണ്‍പത് രൂപയ്ക്കാണ് വിറ്റതെന്നും അദ്ദേഹം പറയുന്നു.


പലചരക്ക് സാധനങ്ങള്‍ക്ക് വില കയറിയാല്‍ അത് കുറയാന്‍ സാധ്യത കുറവാണ്. എന്നാല്‍ പച്ചക്കറിയ്ക്ക് ദിവസങ്ങളുടെ വ്യത്യാസത്തില്‍ വിലയിടിയാനോ ഏറാനോ ഉളള സാധ്യതയുണ്ട്. കച്ചവടക്കാരെ സംബന്ധിച്ച് ഈ ചാഞ്ചാട്ടം ചിലപ്പോള്‍ വലിയ നഷ്ടങ്ങള്‍ക്ക് ഇടയാക്കാറുണ്ടെന്നും കച്ചവടക്കാര്‍ പറയുന്നു.

വിലകയറ്റം കച്ചവടത്തെ ബാധിച്ചിട്ടുണ്ടെന്ന് ഇവര്‍ സമ്മതിക്കുന്നു. വിവാഹ ആവശ്യങ്ങള്‍ക്കും മറ്റും വലിയ തോതില്‍ പച്ചക്കറികള്‍ പോകുന്നത് മാറ്റിനിര്‍ത്തിയാല്‍ നിത്യോപയോഗത്തിനായി വാങ്ങുന്നവരുടെ എണ്ണം വളരെ കുറഞ്ഞിട്ടുണ്ട്. സാധാരണക്കാര്‍ ഏറ്റവുമധികം ഉപയോഗിച്ചുവരുന്ന പച്ചക്കറികള്‍ക്കെല്ലാം വില ഉയര്‍ന്നു നില്‍ക്കുകയാണ്.

കിലോയ്ക്ക് പത്തുരൂപയും ഇരുപത് രൂപയുമൊക്കെയായിരുന്ന തക്കാളി വില നൂറ് രൂപയ്ക്ക് മുകളിലേക്ക് പോയത് നമ്മള്‍ കണ്ടതാണ്. ഇരുപത് രൂപയ്ക്കും മുപ്പത് രൂപയ്ക്കുമൊക്കെ വിറ്റിരുന്ന പയര്‍ ഇപ്പോള്‍ വിലക്കുന്നത് കിലോയ്ക്ക് എണ്‍പതും തൊണ്ണൂറും രൂപ തോതിലാണ്. പച്ചമുളകിനും വില ഏറെ തന്നെ നില്‍ക്കുകയാണ്. അതിനാല്‍ മുമ്പ് കിലോക്കണക്കിന് വാങ്ങിയവര്‍ പലപ്പോഴും അത്യാവശ്യത്തിന് മാത്രം സാധനങ്ങള്‍ വാങ്ങുന്ന സ്ഥിതിയാണെന്നും കച്ചവടക്കാര്‍ പറയുന്നു.