കടലിൽ വീണ് കാണാതായ മുഹമ്മദ് ഷാഫിക്കായി തെരച്ചിൽ ഊര്‍ജിതം; വടകര സാന്റ് ബാങ്ക്‌സ് പരിസരത്ത് നാവികസേനയുടെ ഹെലികോപ്റ്റര്‍ തെരച്ചില്‍ നടത്തി, പ്രതീക്ഷയില്‍ ഉറ്റവര്‍


Advertisement

വടകര: മൂരാട് കോട്ടക്കല്‍ അഴിമുഖത്ത് നിന്ന്‌ മീന്‍ പിടിക്കുന്നതിനിടെ കടലിൽ വീണ് കാണാതായ മുഹമ്മദ് ഷാഫിക്കായി തെരച്ചിൽ ഊര്‍ജിതമാക്കി. വടകര സാന്റ് ബാങ്ക്‌സില്‍ വടകര തീരദേശ പോലീസും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ കൊയിലാണ്ടിയിലെ പോലീസ് ബോട്ടും രാവിലെ മുതല്‍ തിരച്ചില്‍ നടത്തുന്നുണ്ട്.

Advertisement

വൈകുന്നേരത്തോടെ നാവികസേനയുടെ ഹെലികോപ്റ്റര്‍ സാന്റ്ബാങ്ക്‌സ് പരിസരത്ത് പരിശോധന നടത്തി. ഇതിനിടെ തിരൂര്‍, താനൂര്‍ എന്നിവിടങ്ങളില്‍ നിന്നും മത്സ്യത്തൊഴിലാളികള്‍ തെരച്ചിലിനായി സാന്റ്ബാങ്ക്‌സ് പരിസരത്ത് എത്തിയിട്ടുണ്ടെന്നാണ് വിവരം.

Advertisement

വടകര എംഎൽഎ കെ.കെ രമ, നഗരസഭ ചെയർപഴ്സൻ കെ.പി ബിന്ദു, വടകര തഹസിൽദാർ, വടകര പോലീസ്‌, വില്ലേജ് ഓഫിസർ, അഗ്‌നിരക്ഷാ സേനാ ഉദ്യോഗസ്ഥർ, കടലോര ജാഗ്രത സമിതിയംഗങ്ങൾ എന്നിവർ സ്ഥലത്തെത്തി.

Advertisement

ഇന്ന് രാവിലെ 8.40ഓടെയാണ് കരവല വീശുന്നതിനിടെ ചേളാരി സ്വദേശിയായ മുഹമ്മദ് ഷാഫിയെ തിരയില്‍പ്പെട്ട് കാണാതായത്. വല കടലിലേക്ക് ആഴ്ന്നു വലിക്കാൻ ശ്രമിക്കുമ്പോള്‍ ശക്തമായ ഒഴുക്കില്‍പ്പെടുകയായിരുന്നു. പിന്നാലെ കൂടെയുണ്ടായിരുന്നയാള്‍ കടലിലിറങ്ങി കയര്‍ നല്‍കിയെങ്കിലും രക്ഷപ്പെടുത്താന്‍ സാധിച്ചില്ല. തൊട്ടടുത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്താന്‍ അടുത്തെത്തിയപ്പോഴേക്കും ഷാഫി മുങ്ങിപ്പോവുകയായിരുന്നുവെന്നാണ് വിവരം.

മലപ്പുറം ജില്ലയിലെ പെരുവള്ളൂർ, കുഴിമണ്ണ, കണ്ണമംഗലം പഞ്ചായത്തുകളിൽ നിന്നായി മീന്‍ പിടിക്കാനായി അഞ്ചംഗ സംഘത്തിനൊപ്പമാണ് ഷാഫി എത്തിയത്. വേലിയിറക്കം ഉള്ളപ്പോഴാണ് ഇവര്‍ മീന്‍ പിടിക്കാനിറങ്ങിയത്‌.