രണ്ടുമാസത്തെ വേനലവധി കഴിഞ്ഞു, ഇനി പഠന കാലം; സ്‌കൂളുകള്‍ നാളെ തുറക്കും, വിപുലമായ ഒരുക്കങ്ങൾ


തിരുവന്തപുരം: രണ്ടുമാസത്തെ വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കും. മൂന്ന് ലക്ഷത്തോളം നവാഗതർ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ പ്രതീക്ഷ. സംസ്ഥാന തല പ്രവേശനോത്സവം എറണാകുളത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ആദ്യമായി എത്തുന്നവരെ സ്വീകരിക്കാന്‍ വര്‍ണാഭമായ സജ്ജീകരണങ്ങളാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്.

സംസ്ഥാനതല പ്രവേശനോത്സവം എറണാകുളം എളമക്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആണ് ക്രമീകരിച്ചിരിക്കുന്നത്. ജില്ലാകേന്ദ്രങ്ങളിലൂം സ്‌കൂള്‍തലത്തിലും പ്രത്യേകം പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. അവസാനഘട്ട ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി മന്ത്രി വി ശിവന്‍കുട്ടി ഇന്ന് എളമക്കര സ്‌കൂളില്‍ എത്തും.

40 ലക്ഷത്തോളം കുട്ടികളാണ് സംസ്ഥാനത്ത് ആകമാനം സ്‌കൂളുകളില്‍ എത്തുന്നത്. പ്രവേശനോത്സവത്തിന്റെ ഔദ്യോഗിക ഗാനം കഴിഞ്ഞ ദിവസം വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ടിരുന്നു. വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ചു കൊണ്ടാണ് പ്രവേശനോത്സവം സംഘടിപ്പിക്കുന്നത്. ലഹരി ഉപയോഗവും വില്‍പനയും തടയുന്നതിനുള്ള സഹായം ആഭ്യന്തരവകുപ്പ് നല്‍കും. സ്‌കൂള്‍ ബസ്സുകള്‍, കുട്ടികളെ എത്തിക്കുന്ന സ്വകാര്യ വാഹനങ്ങള്‍ എന്നിവയുടെ ഫിറ്റ്നസ് ഗതാഗത വകുപ്പും ഉറപ്പുവരുത്തിയിട്ടുണ്ട്.

പത്ത് വർഷത്തെ ഇടവേളക്ക് ശേഷം പാഠപുസ്തകങ്ങൾ പരിഷ്ക്കരിച്ചു. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലാണ് പുതിയ പുസ്തകങ്ങൾ. ലിംഗനീതി ഉയർത്തിപ്പിടിക്കുന്ന പാഠഭാഗങ്ങളാണ് ഇത്തവണത്തെ മറ്റൊരു പ്രത്യേകത. മാറ്റമില്ലാത്ത പുസ്തകങ്ങൾ ഇതിനകം കുട്ടികളിലേക്കെത്തിക്കഴിഞ്ഞു. വലിയ ഇടവേളക്ക് ശേഷം ഒന്നാം ക്ലാസിൽ അക്ഷരമാലയും തിരികെയെത്തി.

എസ്എസ്എൽസി മൂല്യനിർണ്ണയത്തിലെ മാറ്റമാണ് ഈവർഷത്തെ പ്രധാന ഹൈലൈറ്റ്. 2005ൽ അവസാനിപ്പിച്ച വിഷയങ്ങൾക്കുള്ള മിനിമം മാർക്ക് തിരികെ കൊണ്ടുവരികയാണ്. നിരന്തര മൂല്യനിർണ്ണയത്തിലും ഇനി വാരിക്കോരി മാർക്കുണ്ടാകില്ല. നൂറിനടത്ത് എത്തുന്ന വിജയശതമാനം ഇനി മുതൽ പ്രതീക്ഷിക്കേണ്ട.