പരമ്പരാഗത അടുക്കള ചിത്രങ്ങള്‍ക്ക് ഇനി ബൈ ബൈ; അടുക്കളയില്‍ തേങ്ങ ചിരകുന്ന അച്ഛന്‍, കൈയ്യില്‍ പാവയുമായി മകന്‍, സോഷ്യല്‍മീഡിയയില്‍ വൈറലായി മൂന്നാംക്ലാസിലെ പാഠപുസ്തകം


തിരുവനന്തപുരം: പരമ്പരാഗത അടുക്കള ചിത്രങ്ങളെ മാറ്റിമറിച്ചുകൊണ്ട് സോഷ്യല്‍മീഡിയയില്‍ വൈറലായി മൂന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം. അടുക്കളയെന്നാല്‍ അമ്മയുടെ അല്ലെങ്കില്‍ പെണ്‍കുട്ടികളുടെ മാത്രം സ്വന്തം ഏരിയ ആണെന്ന ചിന്താഗതിയെ പാടെ മാറ്റിയിരിക്കുകയാണ് മൂന്നാം ക്ലാസിലെ പാഠപുസ്തകത്തിലൂടെ.

പാചകം ചെയ്യുന്ന അമ്മ, തേങ്ങ ചിരകുന്ന അച്ഛന്‍, കൈയ്യില്‍ പാവയുമായി നില്‍ക്കുന്ന ആണ്‍കുട്ടി, മേശയില്‍ നിന്നും സാധനങ്ങള്‍ എടുക്കുന്ന പെണ്‍കുട്ടി എന്നിങ്ങനെയാണ് ചിത്രത്തിലുള്ളത്. അച്ഛന്‍ പത്രം വായിക്കുന്നതും അമ്മ അടുക്കള ജോലി ചെയ്യുന്നതുമൊക്കെയായിരുന്നു പണ്ടത്തെ പുസ്തകങ്ങളില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇവിടെ ഹൈലൈറ്റ് തേങ്ങ ചിരകുന്ന അച്ഛനും കൈയ്യില്‍ പാവയുമായി നില്‍ക്കുന്ന ആണ്‍കുട്ടിയുമാണ്.

ചെറിയക്ലാസ് മുതല്‍ വീട്ടിലെ പ്രധാന തൊഴിലിടമാണ് അടുക്കള എന്ന് കുട്ടികള്‍ക്ക് മനസ്സിലാക്കുവാനും അടുക്കള ജോലി എന്നത് ഒരാള്‍ക്ക് മാത്രമുള്ളതല്ലെന്നുമാണ് ചിത്രം കണ്ടതിലൂടെ സോഷ്യല്‍മീഡിയയിലൂടെ ആളുകള്‍ പറയുന്നത്. പുരുഷന്മാര്‍ കൂടെ അടുക്കള ജോലിയുടെ ഭാഗമാകണമെന്ന സന്ദേശം പുതിയ പാഠപുസ്തകത്തിലൂടെ പ്രചരിപ്പിക്കുന്നത് നല്ല പ്രവണതയാണെന്നും മാറ്റത്തിന്റെ തുടക്കമാകട്ടെയെന്നും നിരവധി പേര്‍ അഭിപ്രായപ്പെട്ടു.

ലിംഗസമത്വം ചെറിയ ക്ലാസ് മുതല്‍ കുട്ടികളിലേയ്ക്ക് എത്തിക്കുന്നതിനാണ് പാഠപുസ്തകങ്ങളില്‍ ഇവ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അടുക്കളയിലെ ഉപകരണങ്ങള്‍ എന്തൊക്കെയാണെന്നും എന്തൊക്കെ പണികളാണ് നടക്കുന്തെന്നും വിവരിക്കാനാണ് പാടപുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത്. പാഠ്യപദ്ധതി പരിഷ്‌കരിക്കുമ്പോള്‍ ലിംഗസമത്വം ഉള്‍പ്പെടുത്തിയുള്ള മാറ്റമുണ്ടാകുമെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു.