പയ്യോളിയില്‍ വീണുകിട്ടിയ സ്വര്‍ണ്ണമാല ഉടമയ്ക്ക് തിരികെ നല്‍കി; വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമല്ല, നാടിനാകെ മാതൃകയായി സതീഷ് മാഷ്


പയ്യോളി: വീണുകിട്ടിയ സ്വര്‍ണ്ണമാല ഉടമസ്ഥയ്ക്ക് തിരികെ നല്‍കി നല്ല മാതൃക കാണിച്ച് അധ്യാപകന്‍. നമ്പ്രത്ത്കര യു.പി സ്‌കൂളിലെ അധ്യാപകനായ കായണ്ണ ബസാര്‍ പാറക്കൊമ്പത്ത് സതീഷ് കുമാറാണ് പയ്യോളിയില്‍ നിന്ന് വീണ് കിട്ടിയ നാലേകാല്‍ പവന്റെ സ്വര്‍ണ്ണമാല ഉടമസ്ഥയെ കണ്ടെത്തി തിരികെ നല്‍കിയത്.

പയ്യോളി സബ് ട്രഷറിയില്‍ ഔദ്യോഗിക ആവശ്യത്തിനായി എത്തിയതായിരുന്നു സതീഷ് കുമാര്‍. പേരാമ്പ്ര റോഡിലെ ബൈക്ക് ലാന്റ് ബേക്കറിക്ക് മുന്നിലെ നടപ്പാതയില്‍ നിന്നാണ് അദ്ദേഹത്തിന് സ്വര്‍ണ്ണമാല വീണു കിട്ടിയത്. ബേക്കറിയില്‍ നിന്ന് പലഹാരങ്ങള്‍ വാങ്ങി ഇറങ്ങിയ പാക്കനാര്‍പുരം പുത്തലത്ത് താഴെ പ്രഭാഷിണിയുടെ മാലയായിരുന്നു അത്.

[ad-attitude]

മാല വീണു കിട്ടിയ ഉടന്‍ സതീഷ് മാഷ് ബേക്കറിയിലും തന്റെ സുഹൃത്തുക്കളായ അധ്യാപകരെയും വിവരം അറിയിച്ചു. മാല തിരഞ്ഞ് ഉടമ എത്തിയാല്‍ തന്നെ ബന്ധപ്പെടാനായി മൊബൈല്‍ ഫോണ്‍ നമ്പറും നല്‍കി.

[ad1]

അപ്പോഴേക്കും മാല നഷ്ടപ്പെട്ട വിവരം മനസിലാക്കി പ്രഭാഷിണി ബേക്കറിയില്‍ എത്തിയിരുന്നു. തന്റെ മാല നഷ്ടപ്പെട്ടിട്ടില്ലെന്നും സതീഷ് കുമാര്‍ അത് ഭദ്രമായി സൂക്ഷിച്ചിരിക്കുകയാണെന്നും അറിഞ്ഞതോടെയാണ് അവര്‍ക്ക് ശ്വാസം നേരെ വീണത്.

[ad2]

തുടര്‍ന്ന് പേരാമ്പ്ര പൊലീസ് സ്റ്റേഷനില്‍ വച്ച് പൊലീസിന്റെ സാന്നിധ്യത്തില്‍ സതീഷ് കുമാര്‍ മാല പ്രഭാഷിണിക്ക് കൈമാറി. സമൂഹത്തിനാകെ മാതൃകയായ പ്രവൃത്തി ചെയ്ത സതീഷ് കുമാറിനെ നിരവധി പേര്‍ അഭിനന്ദിച്ചു.