”സംഘര്‍ഷഭൂമിയില്‍ പട്ടാളക്കാരന്‍ ഓര്‍ത്ത ആ കവിത, സൈമണ്‍ ബ്രിട്ടോ ആ പാട്ട് ഓഫാക്കല്ലേയെന്നു പറഞ്ഞ കവിത” ഇനി വിദ്യാര്‍ഥികളും ആസ്വദിക്കും; സത്യചന്ദ്രന്‍ പൊയില്‍ക്കാവിന്റെ കവിത ഏഴാം ക്ലാസ് പാഠപുസ്തകത്തില്‍
കൊയിലാണ്ടി: ഏഴാം ക്ലാസിലെ പുതിയ പാഠപുസ്തകത്തില്‍ കൊയിലാണ്ടിയുടെ പ്രിയപ്പെട്ട കവി സത്യചന്ദ്രന്‍ പൊയില്‍ക്കാവിന്റെ കവിതയും. മലയാളം പുസ്തകത്തില്‍ പ്രവേശികയായാണ് സത്യചന്ദ്രന്‍ പൊയില്‍ക്കാവിന്റെ കവിത ഉള്‍പ്പെട്ടിരിക്കുന്നത്. 12 വരികളുള്ള മലയാളം കാണാന്‍ വായോ എന്ന കവിതയാണ് കേരള പാഠാവലി പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയത്.
കവിതയുടെ ആശയഭംഗിയും പ്രയോഗഭംഗിയും ഉള്‍പ്പെടുത്തി ആസ്വാദനക്കുറുപ്പ് തയ്യാറാക്കാനാണ് പ്രവേശികയില്‍ ഈ കവിത നല്‍കിയിരിക്കുന്നത്. മൂന്ന് പതിറ്റാണ്ട് മുമ്പ് എഴുതിയ കവിതയാണിതെന്ന് സത്യചന്ദ്രന്‍ പൊയില്‍ക്കാവ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. മുമ്പ് യുറീക്കയില്‍ ഈ കവിത അച്ചടിച്ചുവന്നിരുന്നെന്നും അദ്ദേഹം പറഞ്ഞു. ബാലുശ്ശേരിയില്‍ അധ്യാപകനായ സുഹൃത്ത് ശ്രീജേഷാണ് അടുത്തിടെ ഈ കവിത അന്വേഷിച്ചെത്തിയത്. സുഹൃത്തായ റഷീദ് പുളിയഞ്ചേരി പ്രസിദ്ധീകരിച്ച ”പൊയില്‍ക്കാവിന്റെ കുട്ടിക്കവിതകള്‍’ എന്ന കവിതാസമാഹാരത്തിലാണ് ഈ കവിത ഉള്‍പ്പെടുത്തിയിരുന്നത്. ആ പുസ്തകത്തിന്റെ കോപ്പി ഇപ്പോള്‍ എന്റെ കൈവശമുണ്ടായിരുന്നില്ല. കെ.ടി.എസ് വായനശാല പുളിയഞ്ചേരി നിന്നാണ് ഈ കവിതാസമാഹാരത്തിന്റെ കോപ്പി സംഘടിപ്പിച്ചു നല്‍കിയതെന്നും സത്യചന്ദ്രന്‍ പൊയില്‍ക്കാവ് പറഞ്ഞു.
കവിയെ സംബന്ധിച്ച് ഒരുപാട് നല്ല ഓര്‍മ്മകള്‍ ഈ കവിതയുമായി ബന്ധപ്പെട്ടുണ്ട്. പ്രവാസി മലയാളളികളുടെ കുട്ടികള്‍ക്കായി ഭാഷ പരിചയപ്പെടുത്താന്‍വേണ്ടി തയ്യാറാക്കിയ മധുരം മലയാളം എന്ന ഓഡിയോ സി.ഡിയിലും ഈ ഗാനം ഉള്‍പ്പെടുത്തിയിരുന്നു. പ്രഫ. വി.കെ.ശശിധരന്‍ മാസ്റ്ററും കുട്ടികളും ചേര്‍ന്നായിരുന്നു ഈ ഓഡിയോ സി.ഡിയ്ക്കുവേണ്ടി ഈ കവിത ആലപിച്ചത്. തിരുവങ്ങൂര്‍ സ്വദേശിയായ നൗഷാദ് ഇബ്രാഹിം വിജയ് യേശുദാസിനെക്കൊണ്ട് ഈ കവിത ചൊല്ലിക്കുകയും അത് മൊബൈല്‍ ഫോണുകളിലും മറ്റും റിങ് ടോണായി സ്വീകാര്യത നേടിയിരുന്നുവെന്ന സന്തോഷവും അദ്ദേഹം പങ്കുവെച്ചു.
”അയോധ്യയില്‍ സേനയെ വിന്യസിച്ച കാലത്ത് അവിടെ നിയോഗിക്കപ്പെട്ട ഒരു മലയാളിയായ വിനോദന്‍ എന്ന പട്ടാളക്കാരന്‍ എന്നെ വിളിച്ചിരുന്നു. നാടിന്റെ ഓര്‍മ്മകള്‍ പേറുന്ന ഈ കവിതയുടെ ഓഡിയോ ആവശ്യപ്പെട്ടായിരുന്നു അദ്ദേഹം വിളിച്ചത്. ഒരേസമയം സന്തോഷവും അതുപോലെ വേദനയും തോന്നിയ നിമിഷമായിരുന്നു അത്.” കവി പറഞ്ഞു.
സാമ്പത്തികമായി ഏറെ പ്രയാസത്തിലായിരുന്ന കാലത്ത് ഈ കവിത തനിക്ക് തുണയായ ഓര്‍മ്മയും അദ്ദേഹം പങ്കിട്ടു. ”ഈ കവിതയുള്‍പ്പെട്ട ഓഡിയോ സി.ഡി പുറത്തിറങ്ങിയ സമയത്ത് ഗുരുനാഥന്‍ കൂടിയായ ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവര്‍ത്തകന്‍ കെ.ടി.രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ പൊയില്‍ക്കാവ് യു.പി സ്‌കൂളില്‍വെച്ച് ഒരു ആദരവ് സംഘടിപ്പിച്ചിരുന്നു. അന്ന് ഈ ഓഡിയോ സി.ഡിയും ആയിരം രൂപയും സമ്മാനിച്ചിരുന്നു.”
”ഒരിക്കല്‍ സൈമണ്‍ ബ്രിട്ടോ പങ്കെടുത്ത ഒരുപൊതുപരിപാടിയില്‍ ഈ കവിതയുടെ ഓഡിയോ ഇടയ്ക്കുവെച്ച് ഓഫാക്കിയപ്പോള്‍ അദ്ദേഹം ആ പാട്ട് ഓഫാക്കരുത് എന്ന് ആവശ്യപ്പെട്ടതായി പറഞ്ഞുകേട്ടിട്ടുണ്ട്.” സത്യന്‍ ചന്ദ്രന്‍ ചന്ദ്രന്‍ പൊയില്‍ക്കാവ് പറഞ്ഞു.
സ്‌കൂളുകളില്‍ ലഹരിവസ്തുക്കള്‍ ഭയങ്കര അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന ഇക്കാലത്ത് വരുംതലമുറയ്ക്ക് വേണം, ഭാവി തലമുറയുടെ നന്മയ്ക്കായി വേണം എന്നു മനസിലാക്കി ഈ കവിത പാഠഭാഗത്തില്‍ ഉള്‍പ്പെടുത്തുവെന്നത് തന്നെ സംബന്ധിച്ച് അഭിമാനമുണ്ടാക്കുന്ന കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.