സാരി, കുര്‍ത്ത, കുട്ടികളുടെ വസ്ത്രങ്ങള്‍ എന്നിങ്ങനെ വേണ്ടതെല്ലാം ഇവിടെയുണ്ട്; കൈത്തറി വസ്ത്രങ്ങളുടെ വിപുലമായ ശേഖരവുമായി സര്‍ഗാലയയില്‍ മണിയൂര്‍ സ്വദേശിയുടെ സ്റ്റാള്‍
ജിന്‍സി ബാലകൃഷ്ണന്‍
ഇരിങ്ങല്‍: കാലഭേദമില്ലാതെ ധരിക്കാന്‍ കൈത്തറി വസ്ത്രങ്ങളുടെ മികച്ച ശേഖരം അന്വേഷിക്കുകയാണോ? എങ്കില്‍ ഇരിങ്ങല്‍ സര്‍ഗാലയിലെ ഈ കൈത്തറി വസ്ത്രശേഖരം കണ്ടുനോക്കൂ. ക്രാഫ്റ്റ് മേളയാണെങ്കിലും അല്ലെങ്കിലും സര്‍ഗാലയിലെ സ്ഥിരം സ്റ്റാളുകളിലൊന്നായ നാച്യുറല്‍ ഫാബ്രിക്‌സിന്റെ കൈത്തറി വസ്ത്രശേഖരങ്ങള്‍ തേടിയെത്തുന്നവര്‍ അനവധിയാണ്.
മണിയൂര്‍ സ്വദേശിയായ ആഘോഷിന്റെ നേതൃത്വത്തിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. കുര്‍ത്തകള്‍, സാരികള്‍, കുര്‍ത്തികള്‍, കുട്ടികള്‍ക്കായുള്ള വസ്ത്രങ്ങള്‍ അങ്ങനെ എല്ലാതരും കൈത്തറി വസ്ത്രങ്ങളും ഇവിടെ ലഭിക്കും. ഇനി ആവശ്യക്കാരുടെ ഇഷ്ടം പറഞ്ഞാല്‍ അതിനനുസരിച്ച് വസ്ത്രങ്ങള്‍ തയ്യാറാക്കി നല്‍കാനും സംവിധാനമുണ്ടെന്ന് ആഘോഷ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.
കൈത്തറി ഉപയോഗിച്ച് ശീലിച്ചാല്‍ അത്തരം വസ്ത്രങ്ങള്‍ എവിടെയുണ്ടെങ്കിലും അത് അന്വേഷിച്ചെത്തും ഉപയോക്താക്കള്‍. ചൂട് കാലാവസ്ഥയില്‍ ഉപയോഗിക്കാന്‍ ഏറെ സുഖകരമാണ് ഇത്തരം വസ്ത്രങ്ങള്‍. പൊതുവിപണിയില്‍ ഗുണമേന്മയുള്ള കൈത്തറി ഉല്പന്നങ്ങള്‍ ന്യായമായ വിലയില്‍ ലഭിക്കുകയെന്നതും ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ സ്ഥിരം കൈത്തറി ഉപഭോക്താക്കള്‍ക്ക് വലിയ ആശ്രയമാണ് സര്‍ഗാലയയിലെ ഈ സ്റ്റാള്‍.
കഴിഞ്ഞ ഇരുപതുവര്‍ഷക്കാലമായി കൈത്തറി ബിസിനസ് രംഗത്തുണ്ട് ഈ സ്ഥാപനം. സര്‍ഗാലയയില്‍ ക്രാഫ്റ്റ് വില്ലേജ് പ്രവര്‍ത്തിച്ചു തുടങ്ങിയ കാലംമുതല്‍ക്കേ ഇവിടെ ഇവരുടെ സ്റ്റാളുമുണ്ട്. മണിയൂര്‍, ചോറോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ കൈത്തറി വസ്ത്ര നിര്‍മ്മാണ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നൂലില്‍ നിന്നും തുണി നിര്‍മ്മിക്കുന്നതും ഛായം പൂശുന്നതും നെയ്യുന്നതും മിനുസപ്പെടുത്തുന്നതും എംബ്രോയ്ഡറി ചെയ്യുന്നതുമെല്ലാം ഈ സ്ഥാപനത്തിലുള്ളവര്‍ തന്നെ. ചോറോടുള്ള യൂണിറ്റില്‍ നിന്നാണ് വസ്ത്രങ്ങള്‍ പ്രധാനമായും സ്റ്റിച്ചു ചെയ്യുന്നത്.
തൊഴില്‍ രംഗത്ത് സ്ത്രീകള്‍ക്ക് വലിയ തോതില്‍ പങ്കാളിത്തം നല്‍കുന്നുണ്ട് ഈ സംരംഭം. ഏതാണ്ട് മുപ്പതോളം പേര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. അതില്‍ ഭൂരിപക്ഷവും സ്ത്രീകളാണ്.