ഡല്‍ഹിയില്‍ മരിച്ച സൈനികന്‍ സജിത്തിന് നാടിന്റെ യാത്രാമൊഴി; സൈന്യത്തിന്റെ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം


കൊയിലാണ്ടി: ഡല്‍ഹിയില്‍ മിലിറ്ററി ക്വാര്‍ട്ടേഴ്‌സ് കെട്ടിടത്തിന് മുകളില്‍ നിന്നും താഴെ വീണ് പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച സൈനികന്‍ സജിത്തിന് നാടിന്റെ യാത്രാമൊഴി. ഇന്നലെ രാത്രിയോടെ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ച മൃതദേഹം രാത്രി വൈകിയാണ് കൊല്ലം പുളിയഞ്ചേരിയിലെ വീട്ടിലെത്തിച്ചത്. രാവിലെ പുളിയഞ്ചേരിയിലെ വീട്ടില്‍ പൊതുദര്‍ശനത്തിനുശേഷം 8.30 ഓടെ കൊല്ലത്തുനിന്നും നന്മണ്ടയിലെ വീട്ടിലെത്തിച്ചു.

നന്മണ്ടയില്‍ ഒരു മരിക്കൂര്‍ പൊതുദര്‍ശനത്തിനുശേഷം ഗാസിയബാദ് ഹിന്റോന്‍ എയര്‍ഫോഴ്‌സ് സ്‌റ്റേഷന്‍ ഓഫീസര്‍ ഡി.അറുമുഖന്‍ റിഥുദേവിന് പതാക കൈമാറി. മൃതദേഹം പൂര്‍ണ സൈനിക ബഹുമതികളോടെ കണ്ണൂര്‍ ഡി.എസ്.സി സേന അംഗങ്ങളുടെ മേല്‍നോട്ടത്തില്‍ കൈപ്പേന്‍ തടത്തില്‍ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. മകന്‍ റിഥുദേവ് ചിതയ്ക്ക് തീക്കൊളുത്തി.

ഉത്തര്‍പ്രദേശ് ഗാസിയാബാദ് ഡി.എസ്.സി ഹിന്റോണ്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായിരുന്നു സജിത്ത്. കാനത്തില്‍ ജമീല എം.എല്‍.എ, പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത്, വാര്‍ഡ് മെമ്പര്‍ ഇ.കെ.ബിനീഷ്, ബി.ജെ.പി സംസ്ഥാന സമിതി അംഗം നാരായണന്‍ മാസ്റ്റര്‍ ഉള്‍പ്പെടെ നിരവധി പേര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.

Summary: Sajith, a soldier who died in Delhi Cremation with official military honours