കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു; വാഹനത്തിലുണ്ടായിരുന്നത് ഒരു കുട്ടിയടക്കം അഞ്ചുപേര്‍
കോഴിക്കോട്: സി.എച്ച് മേല്‍പ്പാലത്തിന് മുകളില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. കാറില്‍ നിന്നും പുക ഉയരുന്നത് കണ്ട് യാത്രക്കാര്‍ ഇറങ്ങിയതിനാല്‍ ആളപായം ഒഴിവായി.
2011 മോഡല്‍ ഡീസല്‍ കാറിനാണ് തീപിടിച്ചത്. ഒരു കുട്ടിയടക്കം അഞ്ചുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. മുന്‍വശത്തുനിന്നും ആദ്യം പുകയുയരുകയായിരുന്നു. ഇതുകണ്ട യാത്രക്കാര്‍ എല്ലാവരും പുറത്തിറങ്ങുകയും പൊലീസിലും ഫയര്‍ഫോഴ്‌സിലും വിവരം അറിയിക്കുകയുമായിരുന്നു. ബീച്ച് സ്‌റ്റേഷനില്‍ നിന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റെത്തി പെട്ടെന്ന് തീയണച്ചതിനാല്‍ കാറിന്റെ മുന്‍ഭാഗം മാത്രമേ കത്തിയിട്ടുള്ളൂ.
കുറ്റിച്ചിറ സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത്. മാങ്കാവില്‍ നിന്നും കുറ്റിച്ചിറയിലെ വീട്ടിലേക്ക് പോകുകയായിരുന്നു. അപകടകാരണം സംബന്ധിച്ച് ഇതുവരെ വ്യക്തതയായിട്ടില്ല.