വഗാഡിന്റെ ലോറികൾക്കെതിരെ ലഭിച്ചത് നിരവധി പരാതികൾ; ആർ.ടി.ഒ നോട്ടീസ് നൽകി പിഴയീടാക്കിയിട്ടും കൊയിലാണ്ടിയിൽ നിയമ ലംഘനങ്ങൾ തുടർന്ന് കമ്പനി, ദുരന്തങ്ങൾക്കായി ഇനിയും കാത്തിരിക്കണോ
കൊയിലാണ്ടി: നിരവധി പരാതികള്‍ നിലനില്‍ക്കെയും നിയമലംഘനങ്ങള്‍ തുടര്‍ന്ന് നന്തി-ചെങ്ങോട്ട്കാവ് ബൈപ്പാസ് നിര്‍മിക്കുന്ന വാഗാഡ് കമ്പിനി. ആര്‍.ടി.ഒയില്‍ നിന്നും നോട്ടീസും പിഴയും ലഭിച്ചിട്ടും നിയമലംഘനങ്ങള്‍ തുടരുകയാണ്.
പൊലൂഷന്‍, നികുതി, ഫിറ്റ്‌നസ്, നമ്പര്‍ പ്ലേറ്റ്, ഇന്‍ഷുറന്‍സ് എന്നിവയില്ലാതെ വാഗാഡിന്റെ ടിപ്പര്‍ ലോറികള്‍ കൊയിലാണ്ടി നഗരത്തിലൂടെ ചീറിപ്പായുന്നതിനെതിരെ നിരവധി പരാതികളാണ് ലഭിച്ചിട്ടുള്ളതെന്ന് ജോയിന്റ് ആര്‍.ടി.ഒ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കമ്പനി അധികൃതരെ ഓഫീസിലേക്ക് വിളിപ്പിക്കുകയും നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. അഞ്ച് വാഹനങ്ങള്‍ക്ക് പിഴ ചുമത്തുകയും ചെയ്തിരുന്നു. സോഫ്റ്റ് വെയര്‍ പ്രശ്‌നങ്ങള്‍ കാരണം സാങ്കേതികമായ ബുദ്ധിമുട്ടുകള്‍ നിലനില്‍ക്കുന്നതിനാലാണ് നികുതി അടയ്ക്കാത്തതെന്നാണ് കമ്പനി വിശദീകരണം നല്‍കിയെന്നും ജോയിന്റ് ആര്‍.ടി.ഒ അറിയിച്ചു.
വാഹനങ്ങളുടെ പിറകുവശം ഡോര്‍ ഫിറ്റ് ചെയ്യുന്നതടക്കമുള്ള കാര്യങ്ങള്‍ ചെയ്തുതീര്‍ത്തശേഷം വാഹനം ഓഫീസില്‍ ഹാജരാക്കണമെന്ന് ആര്‍.ടി.ഒ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ കമ്പനി ലോറികള്‍ ഹാജരാക്കിയിട്ടില്ല. നവമി അവധിയായതിനാല്‍ അല്പം സമയം നല്‍കണമെന്ന് കമ്പനി അധികൃതര്‍ ആവശ്യപ്പെട്ടിരുന്നെന്നും എത്രയും പെട്ടെന്ന് ഇത് ശരിയാക്കി ഇന്‍ഷുറന്‍സും നമ്പര്‍പ്ലേറ്റുമെല്ലാം കൃത്യമായി വണ്ടികള്‍ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയതാണെന്നും അദ്ദേഹം അറിയിച്ചു. കമ്പനിയുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായാല്‍ തുടര്‍നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
റോഡില്‍ എല്ലാദിവസവും പരിശോധന നടത്താന്‍ പ്രായോഗികമായി ബുദ്ധിമുട്ടുണ്ടെന്നും ജോയിന്റ് ആര്‍.ടി.ഒ അറിയിച്ചു. അതിനാല്‍ നിയമലംഘനങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും പരിശോധന കര്‍ശനമാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നടപടിയെടുത്തെന്ന് ആര്‍.ടി.ഒ പറയുമ്പോഴും വാഗാഡ് കമ്പനി നിയമലംഘനങ്ങള്‍ തുടരുകയാണ്. വലിയ പാറക്കല്ലുകള്‍ അടക്കം കയറ്റിയ ടിപ്പര്‍ലോറികള്‍ പിറകുവശം ഡോറില്ലാതെയാണ് റോഡിലൂടെ ഓടുന്നത്. കൊയിലാണ്ടിയിലെ മേല്‍പ്പാലം പോലെ കയറ്റമുള്ള ഇടങ്ങളിലും മറ്റും പിറകുഭാഗത്തുള്ള ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നവരുടെ ജീവന് തന്നെ ഭീഷണി ഉയര്‍ത്തുന്ന തരത്തിലാണ് കമ്പനിയുടെ ലോറികള്‍ നിരത്തിലൂടെ പായുന്നത്. ഇതിന്റെ ദൃശ്യങ്ങളടക്കം കൊയിലാണ്ടി ന്യൂസ് പലവട്ടം പുറത്തുവിട്ടിരുന്നു.
ഇതിനു പുറമെ ഇങ്ങനെ ഓടുന്ന ടിപ്പര്‍ ലോറികള്‍ക്ക് നമ്പര്‍ പ്ലേറ്റുകളും ഇല്ലായിരുന്നു. നിയമ പ്രകാരം ടിപ്പര്‍ ലോറികളുടെ മുന്നിലും പിന്നിലും ഇരുവശങ്ങളിലും വ്യക്തമായി കാണാന്‍ സാധിക്കുന്ന തരത്തില്‍ വാഹന നമ്പര്‍ പ്രദര്‍ശിപ്പിക്കേണ്ടതുണ്ട്. ഈ നിയമം ലംഘിച്ചാണ് വാഗാഡിന്റെ ലോറികള്‍ ബൈപ്പാസ് നിര്‍മാണത്തിനായി സര്‍വ്വീസ് നടത്തുന്നത്.
ലഭ്യമായ ലോറികളുടെ നമ്പര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ പല ലോറികളും ഇന്‍ഷുറന്‍സോ നികുതിയോ അടക്കാതെയാണ് നിരത്തിലൂടെ ഓടുന്നതെന്നും കണ്ടെത്തിയിരുന്നു.