റൺ മല തീർത്ത് രോഹൻ; രഞ്ജി ട്രോഫിയിലൂടെ റെക്കോർഡുകൾ സൃഷ്ടിച്ച് മലയാളികൾക്ക് പ്രിയങ്കരനായി കൊയിലാണ്ടിയുടെ അഭിമാനതാരം (വീഡിയോ കാണാം)


നിക്ക് നേരെ വരുന്ന ഓരോ പന്തുകളും അടിച്ചു തെറിപ്പിക്കുമ്പോള്‍ കൊയിലാണ്ടി സ്വദേശി രോഹന്‍ എസ് കുന്നുമ്മല്‍ പ്രതീക്ഷിച്ചിരുന്നില്ല പുതിയ റെക്കോര്‍ഡുകളിലേക്കാണ് പതിയെ നടന്നു കയറുന്നതെന്ന്. തുടര്‍ച്ചായായ മൂന്ന് കളികളില്‍ സെഞ്ച്വറി നേടിയാണ് രോഹന്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചത്. രഞ്ജിയില്‍ തുടര്‍ച്ചയായി മൂന്ന് ഇന്നിങ്‌സുകളില്‍ സെഞ്ചുറി നേടുന്ന ആദ്യ കേരള താരമെന്ന റെക്കോര്‍ഡാണ് രോഹന്‍ നേടിയെടുത്തത്.

വീട്ടുവരാന്തയില്‍ നെറ്റ് കെട്ടിയാണ് കുട്ടിക്കാലത്ത് രോഹന്‍ പരിശീലനം ആരംഭിച്ചത്. പിന്നീട് തലശ്ശേരി ക്യാമ്പിലും തുടര്‍ന്ന് മലബാര്‍ ക്രിസ്റ്റ്യന്‍ കോളേജിലുമായി രോഹന്‍ ക്രിക്കറ്റ് പരിശീലിച്ചു. ആക്രമിച്ച് കളിക്കാന്‍ ഇഷ്ടപ്പെടുന്ന രോഹന് ഓപ്പണിങ് പൊസിഷനില്‍ കളിക്കാനാണ് താല്‍പ്പര്യം. ഇതാണ് പാഞ്ഞു വരുന്ന പന്തുകളോരോന്നും അടിച്ചു പറപ്പിപ്പിക്കാന്‍ രോഹന് ആവേശം നല്‍കിയത്. ഏകദിന ശൈലിയില്‍ തകര്‍ത്തടിക്കുന്ന രീതിയിലാണ് രോഹന്റെ ബാറ്റിംഗ്.

2017 ലാണ് രോഹന്‍ അണ്ടര്‍-19 ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇതിഹാസതാരം രാഹുല്‍ ദ്രാവിഡിന് കീഴിലാണ് രോഹന്‍ അണ്ടര്‍-19 കളിച്ചത്. 2021 ല്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിലും വിജയ് ഹസാരെ ട്രോഫി ടൂര്‍ണ്ണമെന്റിലും കേരളത്തിനായി ബാറ്റേന്തിയ രോഹന്‍ വെടിക്കെട്ട് ബാറ്റിങ് പ്രകടനങ്ങളിലൂടെ വാര്‍ത്തകളില്‍ നിറയുകയും കൊയിലാണ്ടിയുടെ അഭിമാനമായി ഉയരുകയും ചെയ്തു.

രോഹന്റ് ക്രിക്കറ്റ് മോഹത്തിന് ചുക്കാന്‍ പിടിച്ച് അച്ഛന്‍ സുശീല്‍ എപ്പോഴുമുണ്ടായിരുന്നു. ചെറുപ്പം മുതല്‍ ക്രിക്കറ്റിനെ സ്നേഹിച്ച സുശീല്‍ കുന്നുമ്മലിന് കാര്‍ഷിക സര്‍വ്വകലാശാലാ ടീമിന് അപ്പുറം പോകാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് തനിക്ക് നേടാന്‍ കഴിയാതിരുന്നത് തന്റെ മകന്‍ രോഹനിലൂടെ സാധ്യമാക്കാന്‍ അദ്ദേഹം പരിശ്രമിച്ചു. ഇവരുടെ കൂട്ടായ പരിശ്രമമാണ് വിജയങ്ങള്‍ കീഴടക്കാന്‍ രോഹന് കൂട്ടായത്.

‘അച്ഛന്റെ സ്വപ്‌നങ്ങൾ മകൻ സാക്ഷാത്കരിക്കുന്നത് കാണുമ്പോൾ ഏറെ സന്തോഷം’ രോഹൻ കുന്നുമ്മലിന്റെ അച്ഛൻ സുശീൽ കുന്നുമ്മൽ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. ‘ക്രിക്കറ്ററാവുക എന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു. എന്നാൽ അന്നത്തെ സാഹചര്യത്തിൽ എനിക്കത് സാധിച്ചിരുന്നില്ല. ഇന്ന് മകൻ റിക്കോർഡുകൾ നേടിയെടുക്കുന്നത് കാണുമ്പോൾ ഏറെ സന്തോഷം.’ സുശീൽ കൂട്ടിച്ചേർത്തു.

രാജ്‌കോട്ടില്‍ മേഘാലയ്‌ക്കെതിരെ നടന്ന മത്സരത്തിലാണ് രോഹന്‍ രഞ്ജി ട്രോഫിയിലെ ആദ്യ സെഞ്ച്വറി നേടിയത്. 97 പന്തില്‍ 17 ഫോറും ഒരു സിക്സറുമായി രോഹന്‍ കുന്നുമ്മേല്‍ 107 റണ്‍സ് നേടി്. സി.ജി ഖുരാനയുടെ പന്തില്‍ ഡിബി രവി പിടിച്ചാണ് രോഹന്‍ പുറത്തായത്.
തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഓപ്പണറായി ഇറങ്ങിയ രോഹന്‍ സെഞ്ചുറി നേടി. 171 പന്തില്‍നിന്ന് 16 ഫോറും നാല് സിക്‌സും സഹിതമാണ് രോഹന്‍ ഈ രഞ്ജി സീസണിലെ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി നേടുന്നത്.

ഗുജറാത്തിനെതിരായ അടുത്ത മത്സരത്തിലും തന്റെ തേരോട്ടം അവസാനിപ്പിക്കാന്‍ രോഹന്‍ തയ്യാറായില്ല. 44 പന്തില്‍ അര്‍ധസെഞ്ചുറി പിന്നിട്ട രോഹന്‍ വെറും 83 പന്തിലാണ് സെഞ്ചുറിയിലേക്കെത്തിയത്. 87 പന്തുകള്‍ നേരിട്ട രോഹന്‍ 11 ഫോറും മൂന്ന് സിക്‌സറും സഹിതം 106 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഇതോടെ രഞ്ജിയില്‍ തുടര്‍ച്ചയായി മൂന്ന് ഇന്നിങ്‌സുകളില്‍ സെഞ്ചുറി നേടുന്ന ആദ്യ കേരള താരമായി രോഹന്‍ മാറി. ഏകദിന ശൈലിയില്‍ തകര്‍ത്തടിച്ച രോഹന്റെ മികച്ച പ്രകടനമാണ് രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിന് മികച്ച വിജയം സമ്മാനിച്ചത്.